ആലപ്പുഴ- ബീച്ചിലെ വിജയ് പാർക്കിൽ നിരക്ക് പത്ത് രൂപയിൽ നിന്ന് 20 രൂപയാക്കി വർധിപ്പിച്ചിട്ടും വേണ്ടത്ര സൗകര്യങ്ങൾ ഇല്ല.
പല കളി ഉപകരണങ്ങളും അപകടകരമായ അവസ്ഥയിലാണെന്നും വിശ്രമിക്കാനായി എത്തുന്നവർക്ക് ഇരിക്കാൻ വേണ്ടത്ര ഇരിപ്പിടങ്ങൾ പോലും ഒരുക്കാൻ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. വെയിലേൽക്കാതെ വിശ്രമിക്കാൻ പറ്റിയ ഒരിടം പോലും പാർക്കിലില്ല. തണൽ മരങ്ങൾ പലതും മുറിച്ച് നീക്കിയതോടെ ഉച്ച സമയത് വിശ്രമിക്കാനായി എത്തുന്നവർക്ക് ദുരിതമായി. വിരലിൽ എണ്ണാവുന്ന കളിയുപകരണങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തന സജ്ജമായിട്ടുള്ളത്. അതാകട്ടെ പലതും തുരുമ്പ് പിടിച്ചും പൊട്ടിപ്പൊളിഞ്ഞ നിലയിലും ആണ്. കുട്ടികൾ അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്. പ്ലാസ്റ്റിക് കൊണ്ടുള്ള പല കളിഉപകരണങ്ങളും ഊഞ്ഞാലുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
പൂളിൽ ബോട്ടിംഗിനായുള്ള നാല് ബോട്ടുകളിൽ മൂന്നെണ്ണം കട്ടപ്പുറത്താണ്. ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയാണ് പ്രവേശന ഫീസ്. കോവിഡിനെ തുടർന്ന് രണ്ട് വർഷമായി അടച്ചിരുന്ന പാർക്ക് തുറന്നപ്പോൾ നവീകരണത്തിന്റെ ഭാഗമായി ചില കളിയുപകരണങ്ങൾ എത്തിച്ചിരുന്നു. അവയിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഡി.ടി.പി.സിക്കാണ് പാർക്കിന്റെ മേൽനോട്ട ചുമതല.