കോഴിക്കോട്-പ്രവാസി യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായെങ്കിലും പന്തിരിക്കരയിലെ ഇര്‍ഷാദ് ദുബായില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം ആരുടെ കൈയിലെന്ന് ഇനിയും കണ്ടെത്താനായില്ല.
ഇര്‍ഷാദിനെ വയനാട്ടിലെ ലോഡ്ജില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളായ വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍ (28), ഹിബാസ് (30) എന്നിവരെയാണ് ചൊവ്വാഴ്ച പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഇവരെ പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍വെച്ച് പിടികൂടുകയായിരുന്നു.
രണ്ടുപേര്‍ കൂടി അറസ്റ്റിലായതോടെ നിലവില്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. വൈത്തിരി സ്വദേശി മിസ്ഹര്‍ (48), റിപ്പണ്‍ സ്വദേശി ഷാനവാസ് (32), കൊടുവള്ളി സ്വദേശി താക്കോല്‍ ഇര്‍ഷാദ് എന്ന ഇര്‍ഷാദ് (37) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ഇര്‍ഷാദ് കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വര്‍ണം സുഹൃത്തുക്കളായ മൂന്നു പേരുടെ കൈവശമാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാനാവശ്യമായ വ്യക്തമായ തെളിവില്ലെന്ന് പോലീസ് പറയുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണം കണ്ടെത്താനാകുമെന്നാണ് പോലീസ് കരതുന്നത്.
സുഹൃത്തുക്കള്‍ സ്വര്‍ണം ഇര്‍ഷാദില്‍നിന്ന് തന്ത്രപൂര്‍വം കൈക്കലാക്കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മേയ് 13ന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇര്‍ഷാദിനെ വിളിക്കാന്‍ സുഹൃത്ത് നിജാസാണ് പോയിരുന്നത്. മിശ്രിത രൂപത്തിലാക്കി കൊണ്ടുവന്ന സ്വര്‍ണം വേര്‍തിരിച്ചെടുത്തത് നാദാപുരം പാറക്കടവിലുള്ള സ്വര്‍ണപ്പണിക്കാരനാണെന്നും പറയുന്നു. സ്വര്‍ണം ഇവര്‍ പാനൂരിലെ സ്വര്‍ണക്കടയില്‍ നല്‍കി പണം വാങ്ങിയെന്ന സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. സ്വര്‍ണം വിറ്റ തുകയില്‍നിന്ന് ഒരു പൈസയും ഇര്‍ഷാദിന് ലഭിച്ചിട്ടില്ലെന്നും ചെലവിനുള്ള തുക ഗൂഗിള്‍ പേ വഴി അയച്ചുകൊടുക്കുകയാണ് ചെയ്‌തെന്നും സഹോദരന്‍ പറയുന്നു.ഒളിവില്‍ താമസിപ്പിച്ചവര്‍ തന്നെ ഇര്‍ഷാദിനെ ക്വട്ടേഷന്‍ സംഘത്തിന് കാണിച്ചുകൊടുത്തുവെന്നാണ് സംശയിക്കുന്നത്. ഇര്‍ഷാദ് ഇല്ലാതായാല്‍ പങ്കു കൊടുക്കാതെ തന്നെ സ്വര്‍ണം കൈക്കലാക്കിയവര്‍ക്ക് സുരക്ഷിതരാകുമെന്ന ധാരണയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു.
മൂന്നു വര്‍ഷം കുവൈത്തില്‍ ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ ഇര്‍ഷാദ് കൂടുതല്‍ വേതനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇര്‍ഷാദ് സഹോദരന്‍ ഫര്‍സാദ് ജോല ചെയ്യുന്ന ദുബായിലേക്ക് പോയത്.
സന്ദര്‍ശക വിസയില്‍ പോയ ഇര്‍ഷാദ് ജോലിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ വലയിലായത്.