Sorry, you need to enable JavaScript to visit this website.

സമാധാനാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന പ്രതിഷേധങ്ങൾ അനഭിലഷണീയം -ഹൈദരലി തങ്ങൾ

കോഴിക്കോട്- കതുവ സംഭവത്തിൽ രാജ്യത്തിന്റെ മനഃസാക്ഷി ഒറ്റക്കെട്ടായി ആസിഫക്കൊപ്പം ഉള്ളപ്പോൾ ആ ഐക്യദാർഢ്യത്തിൽ വിള്ളൽ വരുത്തും വിധവും സമാധാനാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന തരത്തിലുമുള്ള പ്രതിഷേധങ്ങൾ അനഭിലഷണീയമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
വർഗീയ ഫാസിസ്റ്റ് പ്രതിലോമ ശക്തികളുടെയും സമൂഹ വിരുദ്ധരുടെയും ഹീനകൃത്യങ്ങൾക്കെതിരെ രാജ്യം കൈകോർത്ത് നിൽക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതാണ് കതുവ, ഉന്നാവ് സംഭവങ്ങളിലുണ്ടായ പ്രതികരണം. മനുഷ്യന്റെ മാനവും ജീവനും നശിപ്പിക്കുന്ന അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന ശിക്ഷ വാങ്ങിക്കൊടുക്കാനും ഇത്തരം ചെയ്തികൾ ആവർത്തിക്കാതിരിക്കാനും മത, ജാതി, ദേശ ചിന്തകൾക്കതീതമായി രാജ്യം കൈകോർക്കുകയാണ് വേണ്ടത്.
ആസിഫ വിഷയത്തിൽ നീതി ഉറപ്പാക്കുന്നതിനുള്ള നിയമ നടപടികൾക്ക് മുസ്‌ലിം ലീഗും മുന്നിട്ടിറങ്ങുകയാണ്. നിരവധി പ്രസ്ഥാനങ്ങളും നീതിപീഠവുമെല്ലാം സംഭവത്തെ ഗൗരവതരമായി തന്നെ സമീപിച്ചിരിക്കുന്നു. ഇങ്ങനെ സമൂഹം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വർഗീയ സ്വഭാവവും ഭിന്നതയും സ്പർധയും സൃഷ്ടിക്കുന്നതിനും ചില കേന്ദ്രങ്ങൾ ആസൂത്രിത ശ്രമം നടത്തുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രകോപനപരമായ പ്രചാരണങ്ങൾക്കും വഴിവിട്ട പ്രതിഷേധങ്ങൾക്കും അരങ്ങൊരുക്കുന്നവർ ആസിഫയെ നശിപ്പിച്ചവരുടെ താൽപര്യങ്ങളിലേക്കും അവർ ഒരുക്കുന്ന കെണിയിലേക്കുമാണ് അറിഞ്ഞോ, അറിയാതെയോ എത്തിച്ചേരുന്നത്. കതുവ, ഉന്നാവ് സംഭവങ്ങളെല്ലാം അങ്ങേയറ്റം അപലപനീയവും ദുഃഖകരവും പ്രതിഷേധാർഹവുമാണ്. പക്ഷേ ഇതിലുള്ള രോഷവും സങ്കടവും പ്രതിഷേധവുമെല്ലാം വഴിവിട്ട രീതിയിൽ പ്രകടിപ്പിക്കുന്നതിലൂടെ പൊതു സമൂഹത്തിന് ദ്രോഹകരവും ജനങ്ങൾക്കിടയിൽ വിഭാഗീയതക്ക് കാരണവുമാകുന്നത് ദൗർഭാഗ്യകരമാണ്. ആസിഫയോട് കാണിച്ച മനുഷ്യത്വരഹിതമായ ക്രൂരത ചർച്ച ചെയ്യപ്പെടുന്നതിന് പകരം പ്രതിഷേധത്തിലെ അനിഷ്ട സംഭവങ്ങളിലേക്ക് ജനശ്രദ്ധ വഴിമാറുന്നത് ഗുണകരമല്ല എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണം. 
പ്രതികരണങ്ങളിലും പ്രതിഷേധങ്ങളിലും സംയമനം കൈവിടരുത്. സമാധാനഭംഗവും വിഭാഗീയതയും സൃഷ്ടിക്കും വിധമുള്ള നിരുത്തരവാദപരമായ സമര മാർഗങ്ങളിൽ പങ്കാളികളാവുന്ന സാഹചര്യം ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞു.
 
 

Latest News