കോഴിക്കോട്- ആസിഫ സംഭവത്തിൽ തിങ്കളാഴ്ച നടന്ന ഹർത്താലിന്റെ വിഷയത്തോട് എസ്.ഡി.പി.ഐക്ക് അനുഭാവമുണ്ടെങ്കിലും ഹർത്താലിനെ പിന്തുണച്ചിട്ടില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൾ മജീദ് ഫൈസി പറഞ്ഞു.
എസ്.ഡി.പി.ഐക്ക് ഈ വിഷയത്തിൽ ഹർത്താൽ നടത്തണമെങ്കിൽ അത് പരസ്യമായി പറഞ്ഞു നടത്തുവാൻ ഞങ്ങൾക്ക് ആരെയും ഭയമില്ല. പക്ഷേ ഹർത്താൽ പോലുള്ള സമരമാർഗങ്ങളെ എപ്പോഴും ഉപയോഗിക്കുന്നതിനോട് പാർട്ടിക്ക് താൽപര്യമില്ല. അത് സമര മാർഗങ്ങളിൽ അവസാനത്തേതായാണ് പാർട്ടി കാണുന്നത്. ഇന്നലെ നടന്ന ഹർത്താലിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എസ്.ഡി.പി.ഐക്ക് ചുമത്തിക്കൊടുത്ത ആർ.എസ്.എസിന്റെ തന്ത്രമാണ് ഇതിന് പിന്നിൽ. ആസിഫ വിഷയത്തിൽ ആർ.എസ്.എസിനെതിരെ ഉയർന്നിട്ടുള്ള ജനരോഷത്തെ തിരിച്ചുവിടുവാനുള്ള നീക്കമാണിത്. സൈബർ ലോകത്തടക്കമുള്ള യുവജന കൂട്ടായ്മയുടെ വിജയമായിരുന്നു ഇന്നലത്തെ ഹർത്താൽ. ഇത്തരം നാഥനില്ലാത്ത സമരങ്ങളെ എസ്.ഡി.പി.ഐ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം അതിന് അനേകം ദോഷവശങ്ങളുണ്ട്. എങ്കിലും ആർ.എസ്.എസിനെതിരെയുള്ള ഒരു ജനകീയ യുവജന ഉണർവായി ഇതിനെ കാണുകയാണ്. ആ അർത്ഥത്തിൽ ഈ കൂട്ടായ്മയെ സ്വാഗതം ചെയ്യുന്നു.
ഇന്നലെ ഹർത്താലിന്റെ ഭാഗമായി നടന്ന സംഘർഷങ്ങളിൽ ആർ.എസ്.എസിന്റെ ഇടപെടലുണ്ടോ എന്ന് സംശയമുണ്ട്. ഇതിനോടനുബന്ധമായി നടന്ന അക്രമങ്ങളെ അംഗീകരിക്കുന്നില്ല. എന്നാൽ ഈ മുന്നേറ്റത്തെ ഊതിക്കെടുത്തുവാനുള്ള വ്യാമോഹമുണ്ടെങ്കിൽ എസ്.ഡി.പി.ഐ അതിനെതിരെ രംഗത്തു വരും. സംസ്ഥാനത്തൊട്ടാകെ ഇരുപതോളം എസ്.ഡി.പി.ഐ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നൂറിലധികം പേരെ വിവിധ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ പലരും സി.പി.എമ്മടക്കമുള്ള വിവിധ കക്ഷികളുടെ പ്രവർത്തകരാണ്. എസ്.ഡി.പി.ഐ സൈബർ കേന്ദ്രങ്ങളിൽ നിന്ന് ഹർത്താൽ ആഹ്വാനമുണ്ടായിട്ടുണ്ടോയെന്ന പ്രചാരണം പോലീസടക്കമുള്ളവർ അന്വേഷണത്തിൽ കണ്ടെത്തുകയാണ് വേണ്ടത്. എസ്.ഡി.പി.ഐ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ മലപ്പുറത്തടക്കം ഹർത്താൽ ദിനത്തിൽ ഉച്ചക്കു ശേഷമുണ്ടായ അക്രമസംഭവങ്ങൾ ബി.ജെ.പി അജണ്ടയുടെ ഭാഗമായി ഉണ്ടായതാണോയെന്ന് സംശയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറത്തെ അങ്ങാടിപ്പുറം പോലുള്ള പ്രദേശങ്ങളിൽ പ്രാദേശിക ക്ലബുകളുടെ നേതൃത്വത്തിലാണ് ഹർത്താൽ നടന്നത്. അതിന്റെ പ്രസിഡന്റും സെക്രട്ടറിയും അമുസ്ലിംകളായിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് ഇന്നലത്തെ ഹർത്താലിന് കേരള മനസ്സിന്റെ ഒരു പൊതുപിന്തുണ ഉണ്ടായിട്ടുണ്ടെന്നാണ്. ഹർത്താലിനിടെ എസ്.ഡി.പി.ഐക്കാരായ ആരെങ്കിലും മാധ്യമ പ്രവർത്തകരെ ആക്രമിച്ചതായി പരാതിയുണ്ടെങ്കിൽ അതിൽ അന്വേഷിച്ച് യുക്തമായ നടപടിയെടുക്കുമെന്നും ഹർത്താലിനോടനുബന്ധിച്ച് അറസ്റ്റിലായവർക്ക് നിയമ സഹായം ലഭ്യമാവുന്നില്ലെങ്കിൽ എസ്.ഡി.പി.ഐ നൽകുവാൻ തയ്യാറാണെന്നും ചോദ്യങ്ങൾക്കുത്തരമായി ഫൈസി പറഞ്ഞു. വാർത്താസമ്മേളനത്തി ൽ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, കെ.കെ. അബ്ദുൾ ജബ്ബാർ, മുസ്തഫ കൊമ്മേരി എന്നിവരും പങ്കെടുത്തു.