തിരുവനന്തപുരം- കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രാരംഭ തെളിവെടുപ്പും ഇന്നുണ്ടായേക്കും. കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍ നിന്ന് ഇന്നലെ ആര്‍പിഎഫ് ആണ് പിടികൂടിയത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളിലെ പോലീസിനും സുരക്ഷാ സേനകള്‍ക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആര്‍പിഎഫ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. കഴിഞ്ഞ ദിവസമാണ് മനോരമയെ സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ദിനരാജ് മകളുടെ വീട്ടില്‍ പോയപ്പോഴായിരുന്നു കൊലപാതകം. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാള്‍ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.കൊലപാതകം നടത്തിയത് ആദം അലി ഒറ്റയ്ക്കാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വലിച്ചിഴച്ചു പ്രതി കിണറ്റിലിടുന്ന സിസിടിവി ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടില്‍നിന്ന് പോലീസിനു ലഭിച്ചു. മനോരമയുടെ വീട്ടില്‍നിന്നാണ് തൊഴിലാളികള്‍ സ്ഥിരമായി വെള്ളം എടുത്തിരുന്നത്. ദമ്പതിമാരുടെ നീക്കം കൃത്യമായി നിരീക്ഷിച്ചശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം.