Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ ഒപ്പിട്ടില്ല; 11 ഓര്‍ഡിനന്‍സുകള്‍ അസാധു; അനുനയത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം- ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് അടക്കമുള്ള 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ അസാധുവായി. ഒക്ടോബറില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ നിയമമാക്കുമെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കേണ്ടത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ അവര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓര്‍ഡിനന്‍സാണ് ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ടത്. ലോകായുക്ത വിധിക്കുമേല്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന വിവാദ ഭേദഗതിയായിരുന്നു നിലവില്‍ വന്നത്.
ഗവര്‍ണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരില്ലെന്ന സൂചനയും ലഭിച്ചു. ദല്‍ഹിയില്‍നിന്നു 11നു രാത്രി തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുക്കും. അസാധുവായ ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ 'സേവിങ് ക്ലോസ്' അനുസരിച്ച് മുന്‍കാല പ്രാബല്യം ലഭിക്കും. അസാധുവായ ശേഷമുള്ള ദിവസങ്ങളില്‍ ഈ നിയമം നിലനിന്നതായി കണക്കാക്കണം എന്നതാണ് സേവിങ് ക്ലോസ്.
ഓര്‍ഡിനന്‍സ് അസാധുവായതിനു പിന്നാലെ ലോകായുക്തയ്ക്ക് അഴിമതി തടയാനുള്ള അധികാരം പുനഃസ്ഥാപിച്ചുകിട്ടുമെന്നു വാദമുണ്ട്. ദുരിതാശ്വാസ നിധിയിലെ തുകയില്‍ മുഖ്യമന്ത്രി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന ഹര്‍ജി ലോകായുക്തയുടെ പരിഗണനയിലുണ്ട്. ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനുള്ള ഫയല്‍ ഓണ്‍ലൈനായി ദല്‍ഹിയില്‍ ഗവര്‍ണര്‍ക്കു ലഭ്യമാക്കാന്‍ രാജ്ഭവന്‍ തയാറാക്കിയിരുന്നു. എന്നാല്‍, ഗവര്‍ണര്‍ അനുകൂലമല്ലെന്നു വ്യക്തമായതോടെ അവര്‍ പിന്മാറി.
 

Latest News