റിയാദ് - അമേരിക്കയിലെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്റ് ട്രേഡ്മാർക്ക് ഓഫീസ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേറ്റന്റുകൾ അനുവദിച്ച രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ 23 ാം സ്ഥാനത്ത്. 92 രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദി അറേബ്യ 23 ാമതെത്തിയത്. അറബ് ലോകത്ത് ഏറ്റവും കൂടുതൽ പേറ്റന്റുകൾ കഴിഞ്ഞ വർഷം നേടിയത് സൗദി അറേബ്യയാണ്. ഇതിൽ കൂടുതൽ പേറ്റന്റുകളും ശാസ്ത്ര മേഖലയിലെ കണ്ടുപിടിത്തങ്ങൾക്കായിരുന്നു.
സൗദി അറേബ്യക്ക് കഴിഞ്ഞ വർഷം 664 പേറ്റന്റുകളാണ് ലഭിച്ചത്. 2016 ൽ 517 ഉം 2015 ൽ 409 ഉം പേറ്റന്റുകളാണ് ലഭിച്ചത്. കഴിഞ്ഞ കൊല്ലം മറ്റു അറബ് രാജ്യങ്ങളെല്ലാം കൂടി നേടിയ പേറ്റന്റുകളുടെ ഇരട്ടി സൗദി അറേബ്യ ഒറ്റക്ക് നേടി.
ഏറ്റവും കൂടുതൽ പേറ്റന്റുകൾ ലഭിച്ച ലോകത്തെ ഏറ്റവും മികച്ച പത്തു യൂനിവേഴ്‌സിറ്റികളുടെ കൂട്ടത്തിൽ ഏഴാം സ്ഥാനം കൈവരിക്കുന്നതിന് കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറൽസിന് സാധിച്ചിട്ടുണ്ട്. 2017 ൽ കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി 183 പേറ്റന്റുകളാണ് നേടിയത്. ജോൺസ് ഹോപ്കിൻസ് യൂനിവേഴ്‌സിറ്റിയെയും ഹാർവാർഡ് കോളേജിനെയും കാലിഫോർണിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയെയും പിന്തള്ളുന്നതിന് ദഹ്‌റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റിക്ക് സാധിച്ചതായി സർവകലാശാലാ പ്രസിഡന്റ് ഡോ. ഖാലിദ് അൽസുൽത്താൻ പറഞ്ഞു. ഇതുവരെ 800 ലേറെ പേറ്റന്റുകൾ യൂനിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അറബ് ലോകത്തെ മുന്നൂറോളം വരുന്ന മുഴുവൻ യൂനിവേഴ്‌സിറ്റികളും നേടിയ പേറ്റന്റുകളുടെ എണ്ണത്തിന്റെ 60 ശതമാനത്തിലധികമാണിത്. സ്ഥാപന കാലം മുതൽ 2005 വരെയുള്ള കാലത്ത് കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ആകെ അഞ്ചു പേറ്റന്റുകൾ മാത്രമാണ് നേടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗദി അറാംകൊ കഴിഞ്ഞ വർഷം 233 പുതിയ പേറ്റന്റുകൾ നേടി. 2016 ൽ അറാംകൊ 175 പേറ്റന്റുകൾ നേടിയിരുന്നു. അതേ വർഷം 285 പേറ്റന്റുകൾക്ക് അറാംകൊ അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തിരുന്നു.