കണ്ണൂര്‍- കോടതി മുറിയില്‍നിന്നു ഇറങ്ങിയോടി രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി പിടിയില്‍. കാഞ്ഞങ്ങാട് പെരിയാട്ടടുക്കം സ്വദേശി കണ്ണിപ്പൊടിയില്‍ ഹൗസില്‍ ടി.എച്ച്. റിയാസി(40)നെയാണ് ദിവസങ്ങള്‍ക്ക് ശേഷം പയ്യന്നൂര്‍ പോലീസ് സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ മാസം 22 നാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നു കോടതി നടപടിക്കിടയില്‍ ഇയാള്‍ ചാടിപ്പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് മട്ടന്നൂര്‍ മാലൂരിലെ ഭാര്യാ വീട്ടില്‍നിന്ന് പോലീസ് ഇയാളെ പിടികൂടിയത്. പ്രതി വീടിനുള്ളിലുണ്ടെന്ന് മനസിലാക്കിയ പോലീസ് സംഘം വീട് വളഞ്ഞാണ് പിടികൂടിയത്.
2008 ല്‍ മണ്ടൂരില്‍ സ്‌കോര്‍പ്പിയോ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പഴയങ്ങാടി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയാണ് റിയാസ്. ഈ കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അഭിഭാഷകനൊപ്പം കോടതിയില്‍ കീഴടങ്ങാനെത്തിയതായിരുന്നു. എന്നാല്‍ കേസ് വിളിച്ച് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ പൊടുന്നനെ പ്രതി കോടതി മുറിയിയില്‍ നിന്നു എല്ലാവരെയും അമ്പരപ്പിച്ച് ഇറങ്ങിയോടുകയായിരുന്നു. കേസില്‍ ഇയാളെ റിമാന്റ് ചെയ്യുമെന്ന് ഉറപ്പായതിനാലാണ് ഓടി രക്ഷപ്പെട്ടതാണെന്നാണ് വിവരം. തുടര്‍ന്ന് പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായില്ല. മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടയിലാണ് ഇയാളെ മട്ടന്നൂര്‍ മാലൂരിലുള്ള ഭാര്യവീട്ടില്‍ എത്താറുണ്ടെന്ന വിവരം ലഭിച്ചത്. കണ്ണൂര്‍-കാസര്‍ക്കോട് ജില്ലകളിലും കര്‍ണ്ണാടകയിലും നൂറിലധികം കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് റിയാസ്.