കൊച്ചി- വീണ്ടും വിവാദത്തിലായി പൃഥ്വിരാജ് ചിത്രം കടുവ. നേരത്തെ ഭിന്നശേഷിക്കാരായ കുട്ടികളെ അധിക്ഷേപിക്കുന്ന സംഭാഷണത്തിന്റെ പേരില്‍ ചിത്രം വിമര്‍ശനം നേരിട്ടിരുന്നു. വിമര്‍ശനം ശക്തമായതോടെ സംഭവത്തില്‍ ക്ഷമാപണം നടത്തി അണിയറക്കാര്‍ എത്തി. ഈ ഭാഗം അണിയറക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തില്‍ മാനസിക രോഗമുള്ളവരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി.ജെ ജോണ്‍.
'കടുവയെന്ന സിനിമയില്‍ മാനസിക രോഗമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന വേറെയും പരാമര്‍ശമുണ്ട്. ഇതിലെ വില്ലന്‍ പോലീസ് മേധാവി, നായകനെ കൊല്ലാന്‍ വേണ്ടി ക്വട്ടേഷനായി സമീപിക്കുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയില്‍ കിടക്കുന്ന മാനസിക രോഗിയെ വിട്ടുകൊടുക്കാന്‍ ഡോക്ടറോട് ആവശ്യപ്പെടുന്നു. ബൈപോളാര്‍ രോഗവും ക്രിമിനല്‍ പശ്ചാത്തലവും ഉണ്ടുപോലും. സസന്തോഷം ഡോക്ടര്‍ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ് വിടുന്നു. ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ. മാനസിക വെല്ലുവിളികള്‍ ഉള്ളവരെ ഇങ്ങനെ മോശം രീതിയില്‍ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാന്‍? പ്രത്യേകിച്ചു ഒരാവശ്യവും ഇല്ലാതെ എഴുതി ചേര്‍ത്ത സീനാണിത്. കഥയെന്ന സംഗതി മരുന്നിന് പോലും ചേര്‍ക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന് ഇങ്ങനെ ഒരു കടുവ? ഒരു കഷണം ഡിസബിലിറ്റി ചട്ടം പേടിച്ച് മ്യുട്ട് ചെയ്തു-അദ്ദേഹം കുറിച്ചു.
പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ ജൂലൈ ഏഴിനാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ജിനു വി. എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത്.