ഇടുക്കി-രാമക്കൽമേടും കമ്പംമെട്ടും കരുണാപുരം പഞ്ചായത്തിന്റെ വിവിധ മേഖലകളും തമിഴ്‌നാട്ടിൽ. ഗൂഗിൾ മാപ്പിലാണ് ഈ പ്രദേശങ്ങളെല്ലാം തമിഴ്‌നാടിനൊപ്പമെന്നു സൂചിപ്പിച്ചിരിക്കുന്നത്. മാപ്പിൽ കടന്നു കൂടിയിരിക്കുന്ന തെറ്റ് സംബന്ധിച്ച് കമ്പനിയെ വിവരം അറിയിക്കുന്നതിനോ തെറ്റ് തിരുത്താൻ നടപടി സ്വീകരിക്കുന്നതിനോ കേരളത്തിലെ ഉേദ്യാഗസ്ഥർ തയ്യാറായിട്ടുമില്ല. മുമ്പ് കമ്പംമെട്ടിൽ അതിർത്തി തർക്കം ഉടലെടുത്തപ്പോഴും ഗൂഗിൾ മാപ്പിലെ തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടുകയും ഇത് തിരുത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരളത്തിലെ പ്രധാന അതിർത്തി ചെക് പോസ്റ്റായ കമ്പംമെട്ടും പരിസര പ്രദേശങ്ങളും പൂർണമായും തമിഴ്‌നാട്ടിലാണ് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് വഴി കടന്നു പോകുന്ന സംസ്ഥാന പാതകൾ പോലും തമിഴ്‌നാട്ടിലാണ്. രാമക്കല്ല് തമിഴ്‌നാട് അധീന പ്രദേശമാണെങ്കിലും കുറവൻ കുറത്തി പ്രതിമ സ്ഥിതി ചെയ്യുന്ന ടൂറിസം സെന്റർ ഉൾപ്പടെയുള്ള ഭാഗങ്ങൾ കേരളത്തിന്റെ പ്രദേശങ്ങളാണ്. ഇതും തമിഴ്‌നാട്ടിലായാണ് സൂചിപ്പിച്ചിരിക്കുന്നത്.
രാമക്കൽമേടും കമ്പംമെട്ടും ഉൾപ്പെടുന്ന അതിർത്തി ഗ്രാമപഞ്ചായത്തായ കരുണാപുരത്തിന്റെ വലിയൊരു ഭാഗവും തമിഴ്‌നാട്ടിലായാണ് മാപ്പ് ചൂണ്ടിക്കാട്ടുന്നത്. കരുണാപുരം പോലും തമിഴ്‌നാട്ടിലാണ്. സമീപ ഗ്രാമങ്ങളായ അച്ചക്കട, തങ്കച്ചൻകട, ചെന്നാക്കുളം, ശാന്തിപുരം, തോവാളപടി, ചോറ്റുപാറ, വിവിധ ആരാധനാലയങ്ങൾ, നെടുങ്കണ്ടം പഞ്ചായത്തിലെ ആനക്കല്ല് തുടങ്ങിയ പ്രദേശങ്ങളെല്ലാം തമിഴ്‌നാട്ടിലായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കരുണാപുരം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൂട്ടാർ കേരളത്തിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാമക്കൽമേടിനു പുറമെ അതിർത്തി മേഖലയിലെ പല പ്രശസ്തമായ മലനിരകളും തമിഴ്‌നാട്ടിലായാണ് മാപ്പ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളും പ്രധാന റോഡുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്ന പ്രദേശം ഗൂഗിൾ പോലെ കോടിക്കണക്കിന് ആളുകൾ ഓരോ നിമിഷവും ആശ്രയിക്കുന്ന മാധ്യമത്തിൽ തെറ്റായി രേഖപ്പെടുത്തിയിട്ടും ഇത് സംബന്ധിച്ച് ഗൂഗിളിനെ വിവരം ധരിപ്പിക്കാനോ തെറ്റുകൾ തിരുത്താനോ അധികൃതർ ശ്രമിക്കുന്നുമില്ല.