Sorry, you need to enable JavaScript to visit this website.

പാലിയേക്കരയില്‍ റോഡ് നിര്‍മാണത്തിന്  ചെലവായതിനേക്കാള്‍ തുക പിരിച്ച് ടോള്‍ കമ്പനി

തൃശൂര്‍-പാലിയേക്കരയില്‍ ടോള്‍ തുടങ്ങി പത്തു കൊല്ലം പിന്നിടുമ്പോള്‍ റോഡ് നിര്‍മാണത്തിന് ചെലവായ തുകയേക്കാള്‍ ടോള്‍ കമ്പനി ഇതിനോടകം പിരിച്ചെടുത്തു. 721.17 കോടി രൂപയാണ് മണ്ണൂത്തി-ഇടപ്പള്ളി നാല് വരിപ്പാത നിര്‍മാണത്തിന് ആകെ ചെലവായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 957.68 കോടി പിരിഞ്ഞു കിട്ടിയതായാണ് വിവരാവകാശ രേഖയില്‍ ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കുന്നത്. അതായത് ചിലവായതിനേക്കാള്‍ ഏകദേശം ഇരുനൂറ് കോടിയിലേറെ തുക ടോള്‍ ഇനത്തില്‍ പിരിച്ചെടുത്തുവെന്ന് വ്യക്തം. പ്രതിദിനം ശരാശരി മുപ്പത് ലക്ഷം രൂപ പിരിച്ചിട്ടും റോഡ് അറ്റകുറ്റപ്പണിയില്‍ അലംഭാവം കാണിക്കുന്നത് തടയാന്‍ ടോള്‍ കരാറിലെ പ്രധാന കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.
2012 ഫെബ്രുവരി പത്തിനായിരുന്നു തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ പാലിയേക്കരയിലായിരുന്നു ടോള്‍ പ്ലാസ സ്ഥാപിച്ചത്. ഇതിനോടകം പല പ്രതിഷേധങ്ങള്‍ക്കും യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ക്കും പാലിയേക്കര വേദിയായിട്ടുണ്ട്. കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദേശീയ പാതയിലെ കുഴികള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. കോടികള്‍ പിരിച്ചെടുത്തിട്ടും റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ പോലും കരാര്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയ പാതയിലെ ആളെ കൊല്ലികളായ കുഴികളടക്കാന്‍ ഇടപെടല്‍ തേടി മരിച്ച ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പോലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതല്‍ ഇടപ്പള്ളി വരെയുളള കുഴികള്‍ പെട്ടന്ന് അടയ്ക്കാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കുഴിയില്‍ വീണ ഹാഷിമിന്റെ ദേഹത്ത് പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ് അപകടമുണ്ടായത്. ഹോട്ടല്‍ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹാഷിമിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

Latest News