കോഴിക്കോട്- കോഴിക്കോട് സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശവുമാണ് വിവാദത്തിലായത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സിപിഎം മേയറുടെ പരാമര്‍ശം. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മേയര്‍ ബീനാ ഫിലിപ്പ്. അമ്മമാരുടെ കൂട്ടായ്മയിലാണ് താന്‍ പങ്കെടുത്തതെന്നാണ് പരിപാടിയില്‍ പങ്കെടുത്തതും അതില്‍ നടത്തിയ പരാമര്‍ശവും വിവാദമായതോടെ മേയര്‍ പ്രതികരിച്ചത്. പരിപാടിക്ക് പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മേയര്‍, ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. വിവാദമുണ്ടായതില്‍ ഏറെ ദുഖമുണ്ടെന്നും മേയര്‍ വിശദീകരിക്കുന്നു.
പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെടുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ വരെ നടത്തി പ്രതിരോധം തീര്‍ക്കുമ്പോഴാണ് സിപിഎം മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായത്. ഇതിനിടെയാണ് ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമര്‍ശവും വിവാദത്തിലായത്.
ബീനാ ഫിലിപ്പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് സിപിഎം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തുകയാണ് കോണ്‍ഗ്രസ്. സിപിഎം ആര്‍എസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ് കോഴിക്കോട് മേയര്‍ ആര്‍എസ് എസ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.