കൽപറ്റ-കനത്ത മഴയിൽ നിറഞ്ഞതിനെത്തുടർന്നു വയനാട്ടിലെ പടിഞ്ഞാറത്തറയ്ക്കു സമീപമുള്ള ബാണാസുരസാഗർ അണയുടെ നാലു ഷട്ടറുകളിൽ ഒന്നു തുറന്നു. രാവിലെ 8.10നു റവന്യൂ മന്ത്രി കെ.രാജൻ, ടി.സിദ്ദീഖ് എം.എൽ.എ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ജില്ലാ കലക്ടർ എ.ഗീത ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകളിൽ ഒന്ന് 10 സെന്റിമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ ഏകദേശം 8.5 ഘനമീറ്റർ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. ഷട്ടർ തുറന്നതിനെത്തുടർന്ന് കരമാൻതോട്, വാരമ്പറ്റ, കക്കടവ്, പുതുശേരി, പനമരം പുഴകളിലെ ജലനിരപ്പ് ഉയർന്നു. ഷട്ടറുകൾ തുറക്കുന്നതിനുള്ള മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് ഞായറാഴ്ച പുലർച്ചെ നൽകിയിരുന്നു.
കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള കുറ്റിയാടി ഓഗ്ഗമെന്റേഷൻ പദ്ധതിയുടെ ഭാഗമാണ് പടിഞ്ഞാറത്തറയ്ക്കു സമീപത്തെ ബാണാസുരസാഗർ അണ. 62 ചതുരശ്ര കിലോമീറ്റർ വരുന്ന വൃഷ്ടിപ്രദേശത്തു ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ റിസർവോയറിൽ ജലനിരപ്പ് ഉയർന്നു. 774 മീറ്ററാണ് റിസർവോയറിന്റെ അപ്പർ റൂൾ ലെവൽ.
2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് നിയമത്തിലെ 30, 34 വകുപ്പുൾ പ്രകാരമാണ് സ്പിൽവേ ഷട്ടറുകൾ തുറക്കാൻ ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകിയത്. വൃഷ്ടിപ്രദേശത്തുനിന്നു ദിവസം ഏകദേശം 12.43 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് അണയിലേക്കു ഒഴുകുന്നത്. ബാണാസുരൻമലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാൻതോടിനു കുറുകെയാണ് ബാണാസുരസാഗർ അണ.