തൃശൂര്‍- മകനെ പോലെ കരുതി സ്‌നേഹിച്ചുവളര്‍ത്തിയ പൂച്ചയുടെ വേര്‍പാടില്‍ വളര്‍ത്തമ്മ അവന്റെ കഥ എഴുതുന്നു. കാഴ്ചയും ചലനവും ഇല്ലാതായ പൂച്ചയെയാണ് പുരുഷുവെന്ന് പേരിട്ട് അമ്മ പരിപാലിച്ചത്.
പുരുഷുവിന്റെ ജനനം മുതല്‍ ഏഴാംവയസിലെ മരണം വരെയുള്ള കഥയാണ് ഇരിങ്ങാലക്കുട പുല്ലൂര്‍ അമ്പലനട തെമ്മായത്ത് വീട്ടില്‍ ബിന്ദു എഴുതുന്നത്. ഫേസ്ബുക്കില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുമെന്നും പുസ്തകമാക്കാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.
പൂച്ചയുടെ ഓര്‍മയ്ക്കായി വീട്ടില്‍ കല്ലറയുടെ മാതൃകയില്‍ സ്മാരകവും നിര്‍മ്മിച്ചു. ഇതില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ബിന്ദുവിന്റെ ദിവസം തുടങ്ങുക. സാഹിത്യഭാഷ വശമില്ലെങ്കിലും താന്‍ സ്നേഹിച്ച പുരുഷുവിനെ കുറിച്ചാകുമ്പോള്‍ എഴുതാമെന്ന വിശ്വാസമുണ്ട്. പുരുഷു ജനിക്കുന്നതിന് മുമ്പുള്ള സ്വന്തം പൂച്ചക്കമ്പത്തില്‍ നിന്നാണ് തുടങ്ങുക. തുടര്‍ന്ന് അവന്റെ ജീവചരിത്രത്തിലേക്ക് കടക്കും. മകളുടെയും ഭര്‍ത്താവിന്റെയും സഹായത്തോടെ ടൈപ്പ് ചെയ്താണ് ഫേസ്ബുക്കിലിടുക. പൂച്ചസ്നേഹികളായ കുടുംബാംഗങ്ങളും കഥാപാത്രങ്ങളാകും
വാതം ഗുരുതരമായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജനുവരിയില്‍ പുരുഷു ചത്തത്. ചെറുപ്പകാലത്ത് വന്ന വൈറല്‍പനി കാഴ്ച നഷ്ടപ്പെടുത്തിയെങ്കിലും നടന്നിരുന്നു. വാതത്തെ തുടര്‍ന്ന് കിടപ്പിലായപ്പോള്‍ ബിന്ദു, സ്വന്തം മുറിയില്‍ പുരുഷുവിന് പ്രത്യേകം കട്ടിലും കിടക്കയുമൊരുക്കി. കുളിപ്പിച്ച് വൃത്തിയാക്കി അവന് ഇഷ്ടപ്പെട്ട അയല പൊരിച്ചതും ചോറും മടിയിലിരുത്തി കൊടുത്തു. ചുടുപാലും മുറ തെറ്റാതെ മരുന്നും നല്‍കി. ആയുര്‍വേദ ഡോക്ടറായ മകള്‍ ആതിര വാതത്തിന് മുതിരക്കിഴി വച്ചു. ഭര്‍ത്താവ് ഷാജിയും ഒപ്പമുണ്ടായി.
ബിന്ദുവിന്റെ ശബ്ദവും ഗന്ധവും പുരുഷു തിരിച്ചറിഞ്ഞിരുന്നു. സ്നേഹം പ്രകടിപ്പിക്കാനും വിശപ്പും ദാഹവും അറിയിക്കാനുമുള്ള അവന്റെ പ്രത്യേക ശബ്ദസന്ദേശങ്ങള്‍ ബിന്ദുവും തിരിച്ചറിഞ്ഞിരുന്നു. മുന്നറിയിപ്പ് ശബ്ദം കേട്ടാല്‍ എടുത്തുകൊണ്ടുപോയി ശരീരം കുലുക്കിയാലേ വിസര്‍ജ്ജിക്കുമായിരുന്നുള്ളൂ. പുരുഷുവിനെ പരിചരിക്കാനായി ദൂരയാത്രകളും ബിന്ദു ഒഴിവാക്കി. മൃതദേഹം പൊതിഞ്ഞു കിടത്തി. തലയ്ക്കല്‍ വിളക്ക് വെച്ച് സംസ്‌കരിച്ച സ്ഥലത്ത് തുളസി നട്ടിരുന്നു. തുടര്‍ന്നാണ് സ്മാരകം നിര്‍മ്മിച്ചത്.