ആസിഫയുടെ ദാരുണമായ അന്ത്യത്തിൽ മിക്കവാറും പേർ വേദനിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അതേസമയം ഈ വിഷയത്തെ നോക്കിക്കാണുന്നതിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. സംഭവത്തെ ഒരു പെൺകുട്ടിക്കു നേരെ നടന്ന, ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന ക്രൂരമായ ബലാൽസംഗവും കൊലയുമായാണ് വലിയൊരു വിഭാഗം നോക്കിക്കാണുന്നത്.
സ്വാഭാവികമായും കുറ്റാരോപിതരായ സംഘ്പരിവാർ ശക്തികൾ പ്രചരിപ്പിക്കുന്നത് അതാണ്. അതേസമയം ആസിഫക്ക് നീതി കിട്ടണമെന്നു നിലപാടുള്ള വലിയൊരു ഭാഗം ജനങ്ങളും അങ്ങനെ തന്നെ ചിന്തിക്കുന്നു. അതിൽ പുരോഗമനവാദികളും യുക്തിവാദികളും മതവിശ്വാസികളുമെല്ലാമുണ്ട്. ഇക്കാര്യത്തിൽ മതത്തെ വലിച്ചിഴക്കേണ്ട എന്നും നിർഭയയുടേയോ സൗമ്യയുടേയോ ഒന്നും മതം നോക്കിയല്ലല്ലോ നാം പ്രതിഷേധിച്ചത് എന്നും ചോദിക്കുന്നവരാണ് അവരിൽ വലിയൊരു വിഭാഗം. മറ്റൊരു വിഭാഗമാകട്ടെ, മുസ്‌ലിം ജനവിഭാഗങ്ങൾക്കെതിരായ കടന്നാക്രമണമായി കാണുമ്പോഴും ഇക്കാര്യത്തിൽ കശ്മീരിനേയോ കശ്മീർ രാഷ്ട്രീയത്തേയോ ചരിത്രത്തേയോ വലിച്ചിഴക്കേണ്ട എന്നു വാദിക്കുന്നു.
എന്താണ് യാഥാർത്ഥ്യം? ആസിഫയുടെ നാലു സ്വത്വങ്ങളാണ് ഈ കടന്നാക്രമണത്തിനും നിഷ്ഠുര ബലാൽസംഗത്തിനും കൊലപാതകത്തിനും കാരണം എന്നത് വ്യക്തമാണ്. പെൺകുട്ടി, മുസ്‌ലിം, ഗോത്രവിഭാഗം, കശ്മീരി എന്നിവയാണത്. ഇവ നാലും ഇന്ത്യയെ സവർണ വർഗീയ രാഷ്ട്രമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളുടെ ശത്രുക്കളാണ്. അതുകൊണ്ടാണ് വളരെ ആസൂത്രിതമായി, വിശുദ്ധമെന്ന് ഇവർ തന്നെ കൊട്ടിഘോഷിക്കുന്ന ആരാധനാലയം തന്നെ ഇത്തരമൊരു നിഷ്ഠുര കൃത്യത്തിനു വേദിയാക്കിയത്. കതുവയിൽ നടന്നത് ലൈംഗികമായ ആവശ്യങ്ങൾക്കായി ഒരു കുട്ടിയെ ബലാത്സംഗം ചെയ്യലോ വ്യക്തിതലത്തിലെ അധികാരം സ്ഥാപിക്കാൻ വേണ്ടി നടത്തുന്ന ബലാത്സംഗമോ അല്ല. ഗോവിന്ദച്ചാമിയെ പോലെ വ്യക്തിഗത കുറ്റവാളികളല്ല ഇവിടെ കുറ്റവാളികൾ. അവർ തങ്ങളുടെ വംശീയമായ ആധിപത്യം നിലനിർത്തുന്നതിനു വേണ്ടി ഒരു ഇരയെ തെരഞ്ഞെടുത്ത് പ്രതീത്മാകമായി ഏഴ് ദിവസം പട്ടിണിക്കിട്ട് ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. അതൊരു വെല്ലുവിളിയാണ്. ഭീകരവാദമാണ്. ബലാൽസംഗത്തെ രാഷ്ട്രീയായുധമായി ഉപയോഗിക്കുക എന്നത് ഭീകരവാദികൾ ലോകത്തിലെവിടെയും ചെയ്തുവരുന്നതുമാണ്. നടന്നത് റേയ്പുമല്ല കൊലയുമല്ല, റേയ്പ് ടെററിസമാണ്. ബകർവാൽ എന്ന മുസ്‌ലിം നാടോടി വിഭാഗത്തെ കശ്മീരിൽ നിന്ന് ആട്ടിയോടിക്കാനുള്ള വംശീയ അക്രമം. അതാണ് കൂട്ടബലാൽസംഗത്തേയും കൊലയേയും ആത്മാർത്ഥമായി അപലപിക്കുമ്പോഴും പലരും കാണാതെ പോകുന്നത്.
ഇസ്‌ലാം എന്ന മതവും ബകർവാൽ എന്ന ഗോത്രവും പ്രസക്തമാകുന്നത്. ബകർവാൽ എന്നാൽ ആടിനെ മേയ്ക്കുന്നവർ എന്നാണ് അർഥം. കശ്മീർ താഴ്‌വര, ജമ്മു എന്നിവിടങ്ങളിലെ ആയിരത്തോളം കിലോമീറ്റർ
വരുന്ന പ്രദേശങ്ങളിൽ ഈ സമൂഹം നാടോടി ജീവിതം നയിക്കുന്നു. വേനൽ കാലത്ത് താഴ്വരയുടെ ഉയർന്ന പ്രദേശങ്ങളിലേക്കും തണുപ്പ് കാലത്ത് താഴ്‌വാരങ്ങളിലേക്കും ഇവർ കാൽനടയായി നൂറുകണക്കിന് കിലോമീറ്റർ യാത്ര ചെയ്യുന്നു. ഇവർക്ക് വീടോ, നിലമോ ഇല്ല. ഇവരുടെ സമ്പാദ്യം ഇവരുടെ കൂടെ യാത്ര ചെയ്യുന്ന ആട്ടിൻ പറ്റങ്ങൾ, കുതിര, കഴുത, പശുക്കൾ എന്നിവയാണ്. യാത്ര ചെയ്യുന്ന ഏതെങ്കിലും വെള്ളമുള്ള പ്രദേശത്ത് ഇവർ തമ്പടിക്കുന്നു.
ഈ നാടോടി ജീവിതത്തിൽ ഇണയെ കണ്ടെത്തുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നു. ഇന്ത്യൻ എന്നതല്ലാതെ മറ്റൊരു ദേശീയതയും സ്ഥിരം സഞ്ചാരികളായ ഇവർക്കില്ല. കടുത്ത മതവിശ്വാസവും ഇല്ല. സ്ഥിരവാസമില്ലാത്തതിനാൽ അടുത്തയിടെ ഇവർക്കായി മൊബൈൽ സ്‌കൂളുകൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ - പാക് യുദ്ധകാലത്ത് ഇവരിലൊരു വിഭാഗത്തെ അശാക് ചക്ര നൽകിയാണ് രാജ്യം ആദരിച്ചത്. എന്നാൽ കേന്ദ്രത്തിലും കശ്മീരിലും ബിജെപി സർക്കാർ വന്നതോടെ ഇവർക്കെതിരെ സംഘപരിവാറിന്റെ സംഘടിതമായ അക്രമങ്ങൾ ആരംഭിക്കുകയായിരുന്നു. അതിന്റെ തുടർച്ചയാണ് ഈ സംഭവവും.
തീർച്ചയായും കശ്മീരിലെ മുസ്‌ലിം വിഭാഗം എന്നതും വളരെ പ്രസക്തമാണ്. കശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തെ ഓർത്തു തന്നെയാവണം ഈ നിഷ്ഠുര സംഭവത്തേയും അപലപിക്കേണ്ടത്. കശ്മീരിന്റെ പ്രത്യേക പദവിയാണ് ഹിന്ദുത്വ വാദികളുടെ ലക്ഷ്യം. അതു പക്ഷേ പ്രത്യേക ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല, ജമ്മു കശ്മീരിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കുക മാത്രമാണ് എന്നതാണ് വസ്തുത. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടു രാജ്യങ്ങൾ ഉണ്ടായപ്പോൾ നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയോടൊപ്പമോ പാക്കിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് 552 നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. ചിലത് പാക്കിസ്ഥാനോട് ചേർന്നു; ചിലത് ഇന്ത്യയോട് ചേർന്നു. എന്നാൽ ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കശ്മീർ, ജുനാഗഢ് തുടങ്ങിയവ രണ്ടു രാജ്യത്തോടും ചേരാതെ നിന്നു. ജമ്മു കശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്‌ലിംകളായിരുന്നു; രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗഢ്.
ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കൾ; ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാൻജി മുസ്‌ലിം. 1947 സെപ്തംബർ 15 ന് പാക്കിസ്ഥാനുമായി ചേരാനുള്ള കിേെൃൗാലി േീള അരരലശൈീി ൽ രാജാവ് ഒപ്പുവെച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറായില്ല. കാരണം ജനസംഖ്യയിൽ കൂടുതൽ മുസ്‌ലിംകളായതു തന്നെ. രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയിൽ ഹിതപരിശോധന നടത്താനായിരുന്നു ഇന്ത്യയുടെ ആവശ്യം. പാക്കിസ്ഥാൻ ഇതു തള്ളിക്കളഞ്ഞു. സൈനിക നീക്കത്തിലൂടെ ഇന്ത്യ ജുനാഗഢിനെ സ്വന്തമാക്കി. ജനഹിത പരിശോധനയും അതിനനുകൂലമായിരുന്നു.
സ്വാഭാവികമായും ഇതേ മാതൃകയിൽ കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാൻ ശ്രമം നടന്നു. നൂറുകണക്കിനു പേരുടെ ചോരയൊഴുകി. അങ്ങോട്ടുമിങ്ങോട്ടും വൻ പലായനങ്ങൾ നടന്നു. ഒക്ടോബർ 24 ന് പുഞ്ചിൽ 'ആസാദ് കശ്മീർ' എന്ന പേരിൽ സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചു. തുടർന്ന് ആയുധധാരികളായ ആയിരക്കണക്കിന് പഠാൻ ഗോത്രവർക്കാർ കശ്മീരിനെ ആക്രമിച്ചു. ആക്രമണത്തെ തടയാൻ ജമ്മു-കശ്മീർ രാജാവ് ഇന്ത്യാ ഗവൺമെന്റിന്റെ സഹായം തേടി. എന്നാൽ, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് പട്ടാളത്തെ അയയ്ക്കാൻ നിർവ്വാഹമില്ലെന്ന് ഇന്ത്യ ഗവൺമെന്റ് അറിയിച്ചു.
ഇതിനെത്തുടർന്ന്, 1947 ഒക്ടോബർ 26 ന്, 75 ശതമാനം മുസ്ലിം ജനതയുള്ള ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള കിേെൃൗാലി േീള അരരലശൈീി (കഛഅ) ഹരിസിംഗും ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവെക്കുകയായിരുന്നു. ഇത് താൽക്കാലിക ഏർപ്പാടാണ്; ഇതനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശം എന്നീ മേഖലകളിൽ മാത്രമാണ് ഇന്ത്യക്ക് അധികാരം കൈമാറിയത്; കശ്മീർ ഒരു തർക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയിൽ ഹിതപരിശോധന നടത്തിയ ശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളൂ - ഇതൊക്കെയായിരുന്നു നിബന്ധനകൾ. ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജൻസിയുടെ മേൽനോട്ടത്തിൽ നടക്കണമെന്ന പാക്കിസ്ഥാൻ നിർദ്ദേശം ഇന്ത്യ തള്ളി. തുടർന്ന് ഇന്ത്യ - പാക് യുദ്ധം നടന്നു. അതിനിടെ പ്രശ്‌നം പഠിച്ച ഐക്യരാഷ്ട്രസഭ തങ്ങളുടെ മേൽനോട്ടത്തിൽ ഹിതപരിശോധനയാകാം എന്നു പ്രഖ്യാപിച്ചു.
യുദ്ധം നിന്നെങ്കിലും കൈവശമുള്ള പ്രദേശങ്ങൾ ഇരുകൂട്ടരും വിട്ടുകൊടുത്തില്ല. ഹിതപരിശോധന ഇന്നുവരേയും നടന്നതുമില്ല. അങ്ങനെയാണ് കശ്മീരിനു പ്രതേക പദവി ലഭിച്ചതും ഈ പ്രദേശം ലോകത്തെ അശാന്തമായ പ്രദേശങ്ങളിൽ ഒന്നായി മാറിയതും. ഇപ്പോഴുമത് തുടരുന്നു. ഈ ചരിത്രത്തിന്റെ തുടർച്ചയുടെ രക്തസാക്ഷി തന്നെയാണ് ആസിഫയും. മറ്റെല്ലാ വിഷയങ്ങൾക്കുമൊപ്പം ഇതു കൂടി പറഞ്ഞാലേ ചിത്രം പൂർണമാകൂ, പ്രതിഷേധങ്ങൾ രാഷ്ട്രീയമാകൂ.