രാജപുരം, കാസര്‍കോട്- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നോയല്‍ ടോം ജോസിനെതിരെ(32) ഭാര്യയുടെ പരാതിയില്‍ സ്ത്രീ പീഡനത്തിന് രാജപുരം പോലീസ് കേസെടുത്തു. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ചു ഭാര്യ പരപ്പ കാരാട്ടെ ബിന്‍സി ജോസഫ് (31) നല്‍കിയ പരാതിയിലാണ് രാജപുരം പോലീസ് കേസെടുത്തത്. ശാരീരികവും മാനസികവുമായ പീഡനവും ഒപ്പം സ്വഭാവ ദൂഷ്യവും ആരോപിച്ചാണ് ബിന്‍സി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പോലീസ് കേസെടുത്തതോടെ നോയല്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിട്ടുണ്ട്. നാല് വര്‍ഷം മുമ്പാണ് ഇരുവരുടേയും പ്രണയവിവാഹം നടന്നത്. ഈ ബന്ധത്തില്‍ മൂന്ന് വയസുള്ള പെണ്‍കുട്ടിയുണ്ട്. അതേസമയം പൊരുത്തപ്പെട്ട് പോകാന്‍ കഴിയത്തതിനാല്‍ മൂന്ന് ദിവസം മുമ്പ് ഭാര്യയുമായി സംസാരിച്ച് വിവാഹമോചന ഹരജി നല്‍കുന്ന കാര്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരിക്കുന്നതെന്നു നോയല്‍ പറഞ്ഞു.
തനിക്കെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രേരണ നല്‍കിയിട്ടുണ്ടെന്നും അഖിലേന്ത്യ നേതൃത്വത്തിനും വ്യജ പരാതി നല്‍കിയിരുന്നെന്നും നോയല്‍ പറഞ്ഞു. തന്റെ മാതാവ് കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് കാല്‍ മുട്ട് ചതഞ്ഞതിന്റെ ഫോട്ടോ പീഡനത്തെ തുടര്‍ന്ന് തനിക്ക് പരിക്ക് പറ്റിയതാണെന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ചേര്‍ത്തിരുന്നുവെന്നും നോയല്‍ ആരോപിക്കുന്നു. ഏതാനും വര്‍ഷമായി ഭാര്യയുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഭാര്യ മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയത്.
ബിസിനസ് ആവശ്യാര്‍ഥം താന്‍ മൂന്ന് മാസം എറണാകുളത്തായിരുന്നു. ഇടയ്ക്കിടെ മാത്രമാണ് വീട്ടില്‍ വരാറുള്ളത്. ഇത്തരത്തില്‍ ഗാര്‍ഹിക പീഡനമുണ്ടായിരുന്നെങ്കില്‍ തന്റെ വീട്ടില്‍ തന്നെ ഭാര്യ നില്‍ക്കുമായിരുന്നോ എന്നും നോയല്‍ ചോദിക്കുന്നു. സംഘടനക്കുള്ളിലെ ചിലരുടെ കളിപ്പാവയായി മാറിയതാണ് ഗാര്‍ഹിക പീഡന പരാതിയായി മാറിയിരിക്കുന്നതെന്നും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ താന്‍ വാങ്ങിച്ചു കൊടുത്ത മൈക്രോ ബയോളജിസ്റ്റ് ജോലിയുടെ ശമ്പളം എവിടെ പോകുന്നുവെന്ന് ഭര്‍ത്താവെന്ന നിലയില്‍ മൂന്ന് വര്‍ഷമായി തനിക്കറിയില്ലെന്നും തന്നോട് പറയാതെ വീട്ടില്‍നിന്നു ഇടയ്ക്കിടെ ഭാര്യ പോകുന്നതായും മറ്റുമുള്ള ആരോപണങ്ങളും നോയല്‍ ഉന്നയിക്കുന്നു.