Sorry, you need to enable JavaScript to visit this website.

ദേശീയ പാതാ വികസനവും  ജനകീയ സമരങ്ങളും

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങളും സമരങ്ങളും തുടരുകയാണ്. എന്ത് എതിർപ്പുണ്ടായാലും വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുമെന്നും ബന്ധപ്പെട്ടവരുടെ അൽപം ഇഷ്ടക്കേടുണ്ടായലും നാടിന്റെ ഭാവിയെക്കരുതി നടപടിയിൽ നിന്ന് പിറകോട്ട് പോകാനാകില്ല എന്നും  മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചു. അതുകൊണ്ടാകാം സമരം ചെയ്യുന്നവരെ പങ്കെടുപ്പിക്കാതെയാണ് സർക്കാർ പലയിടത്തും സർവ്വകക്ഷി സമ്മേളനങ്ങൾ വിളിക്കുന്നത്. പലയിടത്തും ക്രൂരമായ മർദ്ദന മുറകളുമായാണ് പോലീസ് സമരക്കാരെ നേരിടുന്നത്. എതർക്കുന്നവരെ തീവ്രവാദികൾ എന്നും ദേശദ്രോഹികൾ എന്നും വിധ്വംസക പ്രവർത്തകർ എന്നും ആക്ഷേപിച്ചാണ് നേരിടുന്നത്. 
വികസന പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2013 ലെ നിയമം നിലവിലുണ്ട്. 1956 ലെ ചമശേീിമഹ ഒശഴവംമ്യ അര േഉം നിലവിലുണ്ട്. മുൻകൂർ പുനരധിവാസം, മികച്ച നഷ്ടപരിഹാരം, സാമൂഹിക ആഘാത പഠനം, 70% ഇരകളുടെ മുൻകൂർ സമ്മതം തുടങ്ങിയ നിരവധി വ്യവസ്ഥകൾ 2013 ലെ നിയമത്തിൽ ഉണ്ട്. എന്നിട്ടും ആ നിയമം അനുസരിച്ച് വിജ്ഞാപനം ഇറക്കാതെ പഴയ പൊന്നും വില നിയമമനുസരിച്ച് നോട്ടിഫിക്കേഷൻ ഇറക്കിയാണ് സർക്കാർ  നടപടികളുമായി മുന്നോട്ടു പോകുന്നത്.  
സ്ഥലവും കെട്ടിടവുമൊക്കെ വിട്ടുകൊടുക്കേണ്ടി വരുന്നവർക്ക് പലപ്പോഴും എത്രയോ വൈകിയാണ് നഷ്ടപരിഹാരം കൊടുക്കുന്നത്. അത്രയും കാലത്തെ അവരുടെ ജീവിതത്തിന്റെ ദുരിതങ്ങൾ ഇത്തരം പാതകളിലൂടെ പാഞ്ഞുപോകുന്നവർക്കറിയാമോ? പാതയ്ക്ക് വേണ്ടിയെടുക്കുന്ന സ്ഥലം കഴിച്ച് ബാക്കി സ്ഥലം ഉടമയ്ക്ക് മറ്റൊന്നും ചെയ്യാനാകാത്ത വിധം ഉപയോഗശൂന്യമായിക്കിടക്കുകയാണെങ്കിൽ അതു കൂടി സർക്കാർ തന്നെ ഏറ്റെടുക്കണമെന്നുണ്ട്. എന്നാലതു മിക്കപ്പോഴും നടക്കുന്നില്ല. അതിനാൽ തന്നെ പുതുയൊരു ജീവിതത്തിനു തുടക്കമിടാൻ നഷടപരിഹാരം മതിയാകാതെ വരുന്നു. 
ഭൂമി നഷ്ടപ്പെടുന്നവർക്ക് പുരനധിവാസം ഉറപ്പാക്കുകയും അവർ പുതിയ സ്ഥലത്തേക്ക് മാറുകയും ചെയ്ത ശേഷമാണ് വാസതവത്തിൽ സ്ഥലമേറ്റെടുക്കേണ്ടത്. എന്നാൽ സംഭവിക്കുന്നതോ? 30 വർഷം മുമ്പ് 30 മീറ്റർ പാതക്കായി സ്ഥലമേറ്റെടുത്ത് ഇതുവരേയും നിർമ്മിക്കാതെ അതേ ആളുകളിൽ നിന്നു 45 മീറ്ററിനായി വീണ്ടും സ്ഥലമേറ്റെടുക്കുന്ന സംഭവങ്ങൾ പോലും നിരവധിയാണ്. ഗോവയിലും മറ്റും 30 മീറ്ററിൽ തന്നെ 4 വരി പാത പണിയുമ്പോഴാണ് ഇവിടെ അതുപോരാ എന്ന വാശിയിൽ സർക്കാർ മുന്നോട്ടു പോകുന്നത്. ഓരോ നാടിന്റേയും സവിശേഷതകൾ കണക്കിലെടുത്താവണം ഏതൊരു വികസനവും നടപ്പാക്കേണ്ടത്. 
45 മീറ്റർ വീതിയിൽ ദേശീയ പാത നിർമ്മിക്കുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കുമറിയാവുന്ന കാര്യമാണ്. കേരളത്തിലെ ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും വൻവിലയും അത് അസാധ്യമാക്കുന്നു. നമ്മുടെ രാഷ്ട്രീയ പാർട്ടികളെല്ലാം ഇക്കാര്യം പലപ്പോഴായി അംഗീകരിച്ചതുമാണ്. 
സർവകക്ഷി യോഗങ്ങൾ തന്നെ ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.  മാത്രമല്ല ഏതു വികസനത്തിനായാലും കേരളത്തിലിനി നഷ്ടപ്പെടാൻ വയലുകളോ നീർത്തടങ്ങളോ ഇല്ല എന്ന് ആദ്യം സമ്മതിക്കണം. ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ ഇക്കാര്യം അസന്ദിഗ്ധമായി പറയുന്നുണ്ട്. കീഴാറ്റൂർ സമരം നൽകുന്ന സന്ദേശവും മറ്റൊന്നല്ല. എന്നാൽ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ വെളളം ചെർക്കുകയാണ് സർക്കാർ ചെയ്യുന്നത്.
പരമാവധി സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേകളും ഓവർബ്രിഡ്ജുകളും സ്ഥാപിക്കണം. കട നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് തൊഴിൽ സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തുക, കട നഷ്ടപ്പെടുന്ന വ്യാപാരികളുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുക, ഷിഫ്റ്റിംഗ് ചാർജിന് പുറമെ കട നടത്തിയ വർഷം അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുക, വ്യാപാരം നഷ്ടപ്പെടുന്ന വ്യാപാരികൾക്കോ മക്കൾക്കോ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഗവൺമെന്റ് സർവീസുകളിൽ ജോലി അനുവദിക്കുക, വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരവും തൊഴിൽ സംരക്ഷണവും ഉറപ്പ് വരുത്തുക, സ്ഥലം ഏറ്റെടുത്തതിന് ശേഷം അവശേഷിക്കുന്ന സ്ഥലത്ത് മാനദണ്ഡമില്ലാതെ കടകൾ പണിയുന്നതിനുള്ള അനുമതി നൽകുക തുടങ്ങിയ വ്യാപാരികളുടെ ആവശ്യങ്ങളും പരിഗണിക്കണം. ഒരു മാർഗവുമില്ലെങ്കിൽ മാത്രം മുൻകൂട്ടി പുനരധിവാസം ഉറപ്പാക്കി മാത്രമാണ് കേരളത്തിൽ സ്ഥലമേറ്റെടുക്കേണ്ടത്. എന്നാൽ ദേശീയ പാത 45 മീറ്ററിൽ തന്നെ നിർമ്മിക്കണമെന്നും അത് സ്വകാര്യ മേഖലയിൽ     ബി ഒ ടി അടിസ്ഥാനത്തിൽ വേണമെന്നും വാശിപിടിക്കുന്നത് സർക്കാരാണ്. പാലിയേക്കര പോലെ പൊതുവഴി സ്വകാര്യവൽക്കരിച്ച് ടോൾ ഈടാക്കാനും അതുവഴി വലിയ അഴിമതിക്ക് കളമൊരുക്കാനുമാണ് സർക്കാർ നീക്കം. ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല ഈ നീക്കം. എന്നാൽ ദേശീയ പാതയോരത്തെ ഭൂമിയുടെ വിപണി വില സെന്റിന് നാലു ലക്ഷം മുതൽ 40 ലക്ഷം കവിയുമെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ കണക്കുകൂട്ടൽ. നാലു ലക്ഷമായാൽ തന്നെ 13,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായി വരും. സെന്റിന് ശരാശരി 15 ലക്ഷം രൂപ നിശ്ചയിച്ചാൽ നഷ്ടപരിഹാരത്തുക 60,000 കോടി രൂപ കവിയും.  ഒരു സംസ്ഥാനത്തിനായി ഇത്രയേറെ തുക വിനിയോഗിക്കാൻ കേന്ദ്രം തയ്യാറാവുകയുമില്ല. ഫലത്തിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ ജീവിതം ദുരിതമയമായിരിക്കും എന്നുറപ്പ്. ഇപ്പോൾ ലഭ്യമായ 30 മീറ്റർ ഉപയോഗിച്ച് അടിയന്തരമായി 6 വരി പാത നിർമ്മാണം നടത്തുകയാണ് വേണ്ടതെന്നാണ് സമര രംഗത്തുള്ള സംഘടനകളുടെ നിലപാട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കേരളത്തിലെ തെക്കുവടക്ക് യാത്ര സൗകര്യപ്രദമാക്കാൻ റെയിൽ ഗതാഗതവും കിഴക്കുപടിഞ്ഞാറ് യാത്രയ്ക്ക് റോഡു ഗതാഗതവുമായിരിക്കും അനുയോജ്യം. സ്വകാര്യ വാഹന പെരുപ്പത്തിനനുസരിച്ച് റോഡു വികസിപ്പിക്കുക എന്നത് പ്രായോഗികമല്ല. പകരം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനാകണം മുൻഗണന. സ്വകാര്യ വാഹന നിയന്ത്രണത്തിന് കർശനമായ നിയമങ്ങൾ കൊണ്ടുവരണം. പൊതുഗതാഗത സൗകര്യ വികസനത്തിന്റെ ഭാഗമായി പാതകൾ വികസിപ്പിക്കുമ്പോഴും പുതിയ പാതകളും              ഫ്ളൈഓവറുകളും ആസൂത്രണം ചെയ്യുമ്പോഴും ചെലവ്, പരിസ്ഥിതി ആഘാതം, സുസ്ഥിരത എന്നിവ പ്രത്യേകം പരിഗണിക്കണം. ലഭ്യമായ എല്ലാ ബദൽ സാധ്യതകളും പരിശോധിക്കുകയും വേണം. അതോടൊപ്പം, ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്ത്, അത് ജനങ്ങളിൽ അടിച്ചേൽപിക്കാതെ, എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കിക്കൊണ്ടുള്ള വിപുലമായ സംവാദങ്ങളിലൂടെ, അവരെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടു വേണം ഏത് പദ്ധതികളും നടപ്പാക്കേണ്ടത്. എന്നാൽ സമരത്തെ കായികമായി നേരിടുകയാണ് സർക്കാർ ചെയ്യുന്നത്. ഭൂമി നഷ്ടപ്പെടാത്തവരാകട്ടെ സമരം ചെയ്യുന്നവരെ സർക്കാരിനൊപ്പം നിന്ന് വികസന വിരുദ്ധരായി മുദ്രയടിക്കുന്നു. 
അതിനിടെ സ്ഥലമെടുപ്പിന് കമ്പോള വിലയുടെ 4 ഇരട്ടി വില നൽകുമെന്ന വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ഈ വാർത്ത സത്യമെങ്കിൽ കേരളത്തിൽ ദേശീയ പാത വികസനത്തിന് 1 ലക്ഷം കോടിയിലധികം രൂപ വേണ്ടി വരും. 
ഇത് സംസ്ഥാനത്തിന്റെ ഒരു വർഷത്തെ റവന്യൂ വരുമാനത്തേക്കാൾ എത്രയോ കൂടുതലാണ്. ദേശീയ പാത അതോറിറ്റി പ്രതിവർഷം ഇന്ത്യയിലാകെ പാത വികസനത്തിന് ഇതിന്റെ നാലിൽ ഒന്ന് പോലും ചെലവിടുന്നില്ല. ജനങ്ങളെ വഞ്ചിക്കാനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നത് വ്യക്തം. ഒരിക്കലും ഒരു ജനാധിപത്യസർക്കാരിനു യോജിച്ച നടപടിയല്ല ഇതെന്ന് പറയാതെ വയ്യ.


 

Latest News