സൗദി അറേബ്യയിൽ പോകാത്തവർ പോലും ധാരാളമായി പത്രത്തെക്കുറിച്ച് കേട്ടറിഞ്ഞിരിക്കുന്നു.പ്രവാസി സംഘടനകളുടെയും സാമുദായിക സാംസ്‌കാരിക വേദികളുടെയും സൗമനസ്യം ഒരളവു വരെ ഈ പരിചയത്തിന് സഹായിച്ചിട്ടുണ്ട്. സൗദി പര്യടനം നടത്തുന്ന രാഷ്ട്രീയക്കാരാണ് മറ്റൊരു വിഭാഗം. മലയാളം ന്യൂസ് ജിദ്ദ ഓഫീസ് സന്ദർശിക്കാത്ത രാഷ്ട്രീയ നേതാക്കൾ വിരളമായിരിക്കും.
''ഈ പത്രം എത്ര നഷ്ടം വന്നാലും മൂന്നു വർഷം പുറത്തിറക്കും'' -അതായിരുന്നു 19 വർഷങ്ങൾക്ക് മുമ്പ് മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ ഫാറൂഖ് ലുഖ്മാൻ സ്ഥാപനത്തിൽ ചേരാനെത്തിയ എല്ലാവരോടും സത്യസന്ധമായി പറഞ്ഞത്. പിന്നീടുള്ളതിനൊന്നിനും ഒരുറപ്പും ഉണ്ടായിരുന്നില്ല. അന്ന് കേരളത്തിൽ പത്ര ദൗത്യവുമായി വന്നവരുടെ വാക്കിന്റെയും ശരീര ഭാഷയുടെയും മാത്രം ഊർജ്ജത്തിൽ നിലവിലുള്ള സുരക്ഷിത തൊഴിലിടം വിട്ടവരായിരുന്നു പത്ര നടത്തിപ്പിനായി കേരളത്തിലേക്കും ഗൾഫിലേക്കും തെരഞ്ഞെടുക്കപ്പെട്ട ആദ്യ സംഘത്തിലധികവും. അത്തരമൊരു പരീക്ഷണം നിസ്സാരമായിരുന്നില്ലെന്ന് വിജയത്തിന്റെയും ആശങ്കയുടെയും രണ്ട് പതിറ്റാണ്ടിനിപ്പുറം പലപ്പോഴും ആഹ്ലാദ നിശ്വാസത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. വല്ലാത്തൊരു കാലം തന്നെയായിരുന്നു അത്. ആശങ്കയുടെ ആ നാളുകളിലായിരുന്നു ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ സമകാലിക മലയാളം വാരികയിൽ മലയാളം ന്യൂസ് പ്രസിദ്ധീകരിക്കുന്ന പത്രഗ്രൂപ്പിനെക്കുറിച്ചും സ്ഥാപന ഉടമകളെപ്പറ്റിയുമെല്ലാം അന്ന് ആ വാരികയുടെ ഗൾഫ് റിപ്പോർട്ടർമാരുടെ ലിസ്റ്റിലുണ്ടായിരുന്ന മുസാഫിർ വിശദമായി എഴുതിയത്. അത് വായിച്ച് ആവേശം കൊണ്ട കേരള സ്റ്റാഫ് ലേഖനത്തിന്റെ കോപ്പിയെടുത്ത് തിരുവനന്തപുരം ബ്യൂറോയിലെ നോട്ടീസ് ബോർഡിലൊട്ടിച്ചതൊക്കെ ഇപ്പോഴും ഓർക്കുന്നു. എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാപന ഉടമകളായ ഹാഫിസ് സഹോദരന്മാരുടെ (ഹിഷാം അലി ഹാഫിസ്, മുഹമ്മദലി ഹാഫിസ്) ചിത്രമൊക്കെ അച്ചടിച്ചുവന്ന ആ പേജുകൾ മനസ്സിൽ തന്നെയുണ്ട്.
കരുതിയതു പോലെ തന്നെ സാഹസികമായിരുന്നു പത്രത്തിന്റെ മുന്നോട്ടുള്ള ഓരോ കാൽവെപ്പും. അക്ഷരാർഥത്തിൽ പ്രതിസന്ധിയെ കൂടെ കൊണ്ടുനടന്ന സ്ഥാപനം. ആദ്യ വർഷങ്ങളിലൊക്കെ മുന്നിൽ നിന്ന് നയിച്ചവർ കാത്തു സൂക്ഷിച്ച ദൗത്യബോധം വലിയൊരു പ്രസ്ഥാനം നയിച്ചു കൊണ്ടുപോകുന്നതിന് തുല്യമായിരുന്നു. മുന്നിലും പിന്നിലും വഴിക്കണ്ണു വേണ്ടിയിരുന്ന കാലം.
മലയാളം ചാനലുകളൊന്നും ലഭ്യമല്ലാത്ത അവസ്ഥയിൽ വാർത്തകളും വിശേഷങ്ങളുമായി എത്തിയ മലയാളം ന്യൂസിനെ മലയാളി ഹൃദയം കൊണ്ടായിരുന്നു ഏറ്റുവാങ്ങിയത്. പുറത്തെ എതിർപ്പുകളൊന്നും വായനാ സമൂഹത്തെ ബാധിച്ചതേയില്ല. പത്രത്തിന്റെ പേജുകൾ പൂർണമായി വായിച്ചു തീർക്കുന്ന വായനക്കാരുടെ വലിയ നിരയെ അന്യനാട്ടിലും ഉണ്ടാക്കിയെടുക്കാൻ പത്രത്തിന് സാധിച്ചു. മലയാളം ന്യൂസ് അവരുടെ വിട്ടുമാറാത്ത ശീലമായി. നവമാധ്യമങ്ങളില്ലാത്ത നാളുകളിൽ ജനങ്ങളുടെ പ്രതികരണ ഇടം കൂടിയായിരുന്നു പത്രം. സമീക്ഷ പേജിൽ വരുന്ന പ്രതികരണക്കത്തുകൾ വായിച്ച് ചർച്ചയും വിവാദങ്ങളും നടത്തുന്നത് മലയാളി സംഗമ വേദികളിലെ ആനന്ദകരമായ നിത്യകാഴ്ചയായിരുന്നു. പുതിയ എഴുത്തുകാർ കാണെ,കാണെ വളർന്നു വന്നുകൊണ്ടേയിരുന്നു. അവരിൽ പലരും ഇന്ന് എഴുത്തിന്റെയും സർഗ പ്രവർത്തനങ്ങളുടെയും ഔന്നത്യങ്ങളിലാണ്. മനസാക്ഷിയുള്ള ചിലരെങ്കിലും, കയറി വന്ന പടവുകൾ നോക്കി ഇപ്പോഴും മനസാ ആദരവർപ്പിക്കുന്നുണ്ടാകും. എഴുപതുകളിൽ ചില മലയാള പത്രങ്ങൾ കേരളത്തിൽ നിർവ്വഹിച്ച ഭാഷാപരവും സാംസ്‌കാരികവുമായ ഉന്നത ദൗത്യമായിരുന്നു പത്രത്തിന് നിർവ്വഹിക്കാനുണ്ടായിരുന്നത്. ഇന്ത്യൻ സ്‌കൂളുകളിലെ മലയാളം ഭാഷാധ്യപകർ സ്‌നേഹാദരങ്ങളോടെ കുട്ടികളെ മലയാളം ന്യൂസ് വായിക്കാൻ പ്രേരിപ്പിക്കിന്നിടം വരെ ഈ കുലീന ദൗത്യം തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
വലിയ മത്സരമില്ലാത്ത കാലത്ത് വഴി നടന്ന പത്രത്തിന്റെ അടുത്ത വെല്ലുവിളിയുടെ ഘട്ടം പത്ര മത്സരമായിരുന്നു. വില കുറച്ച് വിൽപനയുടെ അവസ്ഥ വരെ ആ മത്സരം ചെന്നെത്തി. പരസ്യത്തിന്റെ കാര്യത്തിൽ നേരിട്ട ആരോഗ്യകരമല്ലാത്ത മത്സരമാണ് അഭിമുഖീകരിച്ച മറ്റൊരു വെല്ലുവിളി. ജന്മസിദ്ധമായ ശേഷി കാരണം അതെല്ലാം പത്രം അതിജീവിക്കുന്നു. എല്ലാ എതിർപ്പുകൾക്കും ഒരവസാനമുണ്ടല്ലോ. അതാണിപ്പോൾ മലയാളം ന്യസ് കടന്നുപോകുന്ന ഏറെക്കുറെ സുഖകരമായ ഘട്ടം.
18 വർഷത്തെ സൗദി ജീവിതത്തിന് ശേഷം പത്രത്തിന്റെ ദൗത്യവുമായി കേരളത്തിൽ വന്നിട്ടിപ്പോൾ വർഷം ഒന്നാകാറായി. എല്ലാ ഇടങ്ങളിലും അനുഭവപ്പെട്ട ഒരു കാര്യമുണ്ട്. എല്ലാവർക്കും, മലയാളം ന്യൂസ് സുപരിചിതം. അകലെയെവിടെയോ പ്രസിദ്ധീകരിക്കുന്ന പത്രമാണെന്ന ഭാവത്തിലല്ല ആളുകൾ പത്രത്തോട് ഇടപഴകുന്നത്. മലയാളം ന്യൂസ് കേരളത്തിലെ എല്ലാ വീടുകളിലും അതിരാവിലെ വിതരണം ചെയ്യപ്പെടുന്ന പത്രമെന്ന മട്ടിലാണ് ഔദ്യോഗിക ഇടങ്ങളിൽ പോലുമുള്ള പ്രതികരണം. സൗദി അറേബ്യയിൽ പോകാത്തവർ പോലും ധാരാളമായി പത്രത്തെക്കുറിച്ച് കേട്ടറിഞ്ഞിരിക്കുന്നു. പ്രവാസി സംഘടനകളുടെയും, സാമുദായിക സാംസ്‌കാരിക വേദികളുടെയും സൗമനസ്യം ഒരളവുവരെ ഈ പരിചയത്തിന് സഹായിച്ചിട്ടുണ്ട്. സൗദി പര്യടനം നടത്തുന്ന രാഷ്ട്രീയക്കാരാണ് മറ്റൊരു വിഭാഗം. മലയാളം ന്യൂസ് ജിദ്ദ ഓഫീസ് സന്ദർശിക്കാത്ത രാഷ്ട്രീയ നേതാക്കൾ വിരളമായിരിക്കും.
സന്ദർശന ഘട്ടത്തിൽ പത്രം അവർക്ക് നൽകുന്ന പരിഗണനയും പ്രസിദ്ധിയും അനുഭവിച്ചവർ പിന്നീടൊരിക്കലും പത്രത്തെ മറക്കില്ല. മലയാളം ന്യൂസ് എനിക്കറിയാം എന്നവർ ഉറക്കെ എവിടെയും പറയും. അത്രക്ക് മനസ്സിൽ തട്ടുന്നതായിരിക്കും അവർക്ക് പത്രമോഫീസിലെ അനുഭവം. എഡിറ്റർ ഇൻ ചീഫുമാരുടെ ഹൃദ്യവും കുലീനവുമായ പെരുമാറ്റം, വാർത്ത നൽകുന്ന കാര്യത്തിൽ പത്രം നൽകുന്ന സ്‌നേഹ പൂർണമായ പരിഗണന, ഇവയെല്ലാം ഓരോ സന്ദർശകനിലും വേറിട്ട അനുഭൂതിയും അനുഭവവും സൃഷ്ടിച്ചു വെക്കുന്നു.
ആദ്യ കാലങ്ങളിൽ ഫാറൂഖ് ലുഖ്മാനും, പിന്നീടിപ്പോൾ ഇപ്പോഴത്തെ എഡിറ്റർ -ഇൻ -ചീഫ് താരിഖ് മിശ്ഖസും ഈ പാത പിന്തുടരുന്നു. ഇതിന്റെയൊക്കെ ഗുണഫലം അനുഭവിക്കന്നവരിൽ കേരളത്തിലെല്ലായിടത്തും കർമ്മ രംഗത്തുള്ള മലയാളം ന്യൂസ് ലേഖകരുമുണ്ട്. കാരണം ജീവിക്കുന്ന പരിസരത്ത് വായിക്കപ്പെടാത്ത പത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന തോന്നൽ പോലുമുണ്ടാകാത്ത വിധം അവരെല്ലാം ഇപ്പോൾ പത്രത്തിന്റെ പേരിനൊപ്പം ചേർത്ത് വെക്കപ്പെട്ടിരിക്കുന്നു.