കോഴിക്കോട്- മുസ്‌ലിം ലീഗ് ഇടതുമുന്നണിക്കൊപ്പം പോകുമെന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത ശുദ്ധ ഭോഷ്‌ക്കാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീർ. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്ത് സംസാരിച്ചതിനെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്യുമ്പോൾ ചിലർക്ക് കിട്ടുന്ന സുഖം വെറും നൈമിഷികം മാത്രമാണെന്ന് കാലമാണ് തെളിയിക്കുക എന്നും മുനീർ വ്യക്തമാക്കി.
രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ എല്ലാ രാഷ്ട്രീയ നേതാവിന്റെയും ഉത്തരം ഈ രീതിയിലായിരിക്കും.
ഞാൻ അത്തരം കേവലസാധ്യതകളുടെ കലയിൽ വിശ്വസിക്കുന്നില്ല എന്നു മാത്രമല്ല, പ്രയോഗിക രാഷ്ട്രീയത്തിന്റെ എല്ലാ ട്വിസ്റ്റുകളിലും, വിശ്വസിക്കുന്ന ആദർശത്തിന്റെ പിൻബലം കൂടി കരുത്താകണമെന്ന് കരുതുകയും നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകുകയും ചെയ്യുന്ന ഒരാളാണ്.
ആ നിലക്ക് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചേരിപ്പോരിൽ മുസ്‌ലിം ലീഗിനെ സി.പി.എം മുന്നണിയിൽ എത്തിക്കാൻ ഞാൻ ശ്രമിക്കുമെന്നത് ശുദ്ധ ഭോഷ്‌കാണെന്നും മുനീർ പറഞ്ഞു.