കല്‍പറ്റ- ബാണാസുരസാഗര്‍ അണയുടെ സ്പില്‍വേ ഷട്ടറുകള്‍ തിങ്കളാഴ്ച രാവിലെ എട്ടിനു തുറക്കും. ഇതിനുള്ള ഉത്തരവ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ജില്ലാ കലക്ടര്‍ എ.ഗീത പുറപ്പെടുവിച്ചു. ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ സെക്കന്‍ഡില്‍ ഏകദേശം 35 ഘനമീറ്റര്‍ വെള്ളം പുറത്തേക്കു ഒഴുകും. ഷട്ടറുകള്‍ തുറക്കുന്നതിനുള്ള മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഞായറാഴ്ച പുലര്‍ച്ചെ നല്‍കിയിരുന്നു.
കെ.എസ.്ഇ.ബിയുടെ നിയന്ത്രണത്തിലുള്ള കുറ്റിയാടി ഓഗ്ഗമെന്റേഷന്‍ പദ്ധതിയുടെ ഭാഗമാണ് പടിഞ്ഞാറത്തറയ്ക്കു സമീപത്തെ ബാണാസുരസാഗര്‍ അണ. 62 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വൃഷ്ടിപ്രദേശത്തു ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയരുകയാണ്. 773.50 മീറ്ററാണ് ഇപ്പോള്‍ ജല നിരപ്പ്. 774 മീറ്ററാണ് റിസര്‍വോയറിന്റെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവല്‍. ജലനിരപ്പ് 744 മീറ്റര്‍ എത്തുന്ന മുറയ്ക്കു സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനു കെ.എസ.്ഇ.ബി ഡാം സെഫ്റ്റ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി തേടിയിരുന്നു. 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിലെ 30, 34 വകുപ്പുള്‍ പ്രകാരമാണ് സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കിയത്. വൃഷ്ടിപ്രദേശത്തുനിന്നു ദിവസം 12.43 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് അണയിലേക്കു ഒഴുകുന്നത്. ബാണാസുരന്‍മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെയാണ് ബാണാസുരസാഗര്‍ അണ. 775.60 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍.
വൈകീട്ട് ആറിനും പുലര്‍ച്ചെ ആറിനും ഇടയില്‍ ഷട്ടറുകള്‍ ഉയര്‍ത്തരുത്, വെള്ളം തുറന്നുവിടുന്നതിനു മുമ്പു പരിസര പ്രദേശങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചു മുന്നറിയിപ്പ് നല്‍കണം, സമീപത്തെ തദ്ദേശ സ്ഥാപന മേധാവികള്‍, തഹില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവരെ വിവരം ഫോണില്‍ അറിയിക്കണം, വെള്ളം പുറത്തേക്കു ഒഴുക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ദുരന്തങ്ങള്‍ തയുന്നതിനു ഡാം സെഫ്റ്റ് ചട്ടപ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നു ഉറപ്പുവരുത്തണം, സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതു ദോഷകരമായി ബാധിക്കാനിടയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി പാര്‍പ്പിക്കുന്നതിനു തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഡിഡിഎംഎ ചെയര്‍പേഴ്‌സന്റെ ഉത്തരവ്. ചെയര്‍പേഴ്‌സണ്‍ ഇന്നലെ ഡാം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.