Sorry, you need to enable JavaScript to visit this website.

പോലീസുകാരെ കബളിപ്പിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ  മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ നാല് വര്‍ഷത്തിന് ശേഷം പിടിയില്‍

കോട്ടയം- ലാഭം വാഗ്ദാനം ചെയ്ത് പൊലീസുകാരെ കബളിപ്പിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ (43)ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2017 18ല്‍ പോലീസുകാരായ സഹപ്രവര്‍ത്തകരെക്കൊണ്ട് സൊസൈറ്റിയില്‍ നിന്നു വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സഹപ്രവര്‍ത്തകരായ പലരില്‍ നിന്നും അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെ ഇയാള്‍ വാങ്ങി. സൊസൈറ്റിയില്‍ അടയ്ക്കുവാനുള്ള പ്രതിമാസ തവണയും, ലാഭമായി 15,000 മുതല്‍ 25,000 വരെയും വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം വാങ്ങിയത്.
ആദ്യ ആറ് മാസം ഇത്തരത്തില്‍ വായ്പ അടയ്ക്കുകയും ലാഭം കൃത്യമായി നല്‍കുകയും ചെയ്തു. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നല്‍കാനുള്ള തുക ലഭിക്കുന്നതെന്നാണ് ഇയാള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചത്. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇയാള്‍ മുങ്ങി. ചിലര്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ 2019ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തട്ടിപ്പിനിരയായ കുറച്ചു പേര്‍ മാത്രമേ പരാതി നല്‍കിയുള്ളൂ. വകുപ്പുതല നടപടി ഭയന്ന് പണം നല്‍കിയ പോലീസുകാരില്‍ ഏറിയ പങ്കും പരാതി നല്‍കിയിട്ടില്ല.
പരാതിപ്രകാരം, ഒന്നരക്കോടിയോളം രൂപയുടെ കണക്കാണ് പുറത്തുവന്നത്. എന്നാല്‍ ആറ് കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായി സൂചനയുണ്ട്. അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാള്‍ മുങ്ങിയത്. ഒടുവില്‍ ഇക്കൊല്ലം ഇടുക്കി ഡിസിആര്‍ബി കേസന്വേഷണം ഏറ്റെടുത്തു.
ഇടുക്കി ഡിസിആര്‍ബി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി വിയു കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം അമീര്‍ ഷായെ തമിഴ്‌നാട്ടില്‍ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. 
 

Latest News