ഇടുക്കി- പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ മൂന്നാര്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടി കനത്ത നാശം. വെള്ളിയാഴ്ച രാത്രി 11.30 യോടെയാണ് ചെണ്ടുവരൈ എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.ആളപായമുണ്ടായില്ലെങ്കിലും ഒരു പ്രദേശമാകെ നശിച്ചു. വട്ടവട മേഖല ഒറ്റപ്പെട്ടു.
വട്ടവട, ടോപ്പ് സ്റ്റേഷനിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും അടക്കം പോകുന്ന റോഡ് മണ്ണും കല്ലും ഒഴുകിയെത്തി മൂടിയ നിലയിലാണ്. മലമുകളില്‍നിന്ന് ഉരുള്‍പൊട്ടി താഴ്ഭാഗത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. എസ്റ്റേറ്റ് ലയങ്ങള്‍ക്ക് സമീപം മൂന്നാര്‍- വട്ടവട റോഡില്‍ വരെയെത്തിയ കൂറ്റന്‍ പാറക്കല്ലുകളും ചെളിയും മണ്ണും മരങ്ങളുമൊക്കെ മുമ്പോട്ട് പോകാതെ തങ്ങിനിന്നതിനാല്‍ വലിയ ദുരന്തമൊഴിവായി. ഉരുള്‍പൊട്ടിയെത്തിയ കല്ലും മണ്ണും ചെളിയും നീക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്തുണ്ടായിരുന്ന മൂന്ന് കടകളും ഒരു ക്ഷേത്രവും ഉരുള്‍പ്പൊട്ടലില്‍ നശിച്ചു. കാറ്റും ഇടക്കിടെ പെയ്യുന്ന മഴയും വട്ടവട റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ദുഷ്‌ക്കരമാക്കുന്നുണ്ട്. ഉരുള്‍ പൊട്ടിയിറങ്ങിയ ഭാഗത്ത്കൂടി ശക്തമായ വെള്ളമൊഴുക്ക് തുടരുന്നുണ്ട്. നൂറ്റമ്പതോളം കുടുംബങ്ങളാണ് പുതുക്കുടി ഡിവിഷനില്‍ താമസക്കാരായുള്ളത്.