കൊല്ലം- വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മോശമായി സംസാരിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂരമര്‍ദ്ദനം. ആലപ്പുഴ വള്ളിക്കുന്നത്തെ 19 കാരനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ രാഹുലിനെ പോലീസ് അറസ്റ്റുചെയ്തു.
19 കാരനെ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് കാലുപിടിപ്പിച്ച ശേഷമായിരുന്നു മര്‍ദ്ദനമെന്നു പറയുന്നു. കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. .ദൃശ്യങ്ങള്‍ പുറത്തുവന്നതിനുശേഷമാണ് പോലീസ് നടപടി.
കൊറിയര്‍ നല്‍കാന്‍ എന്ന വ്യാജേന യുവാവിനെ കരുനാഗപ്പള്ളിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയശേഷം ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ രാഹുല്‍ അടക്കമുള്ളവര്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ദ്യശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കരുനാഗപ്പള്ളി പോലീസ് സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് രാഹുലിനെ തെന്‍മലയില്‍ നിന്ന് പിടികൂടിയത്. ബലാത്സംഗം, പിടിച്ചു പറി അടക്കം ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയാണ് രാഹുല്‍. പിടികിട്ടാപ്പുള്ളിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.