അല്‍കോബാര്‍- തിങ്കളാഴ്ച രാത്രി ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത യെമനിലെ ഹൂത്തികള്‍ ലക്ഷ്യമിട്ടത് നജ്‌റാനിലെ ജനവാസ മേഖലയാണെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി വെളിപ്പെടുത്തി.
രാത്രി 10.16 നാണ് യെമനിലെ അംറാന്‍ പ്രവിശ്യയില്‍നിന്ന് സൗദിയിലെ തെക്കന്‍ പ്രവിശ്യയായ നജ്്‌റാനിലേക്ക് മിസൈല്‍ വിക്ഷേപിച്ചത്. സൗദി വ്യോമസനേക്ക് വിമാനം ആകാശത്തുവെച്ചുതന്നെ തകര്‍ക്കാന്‍ സാധിച്ചു.
ഇറാന്‍ നല്‍കുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് സൗദിക്കുനേരെ ആക്രമണത്തിനു മുതിര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഹുത്തികള്‍ മിസൈല്‍ അയച്ചതെന്ന് കേണല്‍ മാലിക്കി പറഞ്ഞു.
ദക്ഷിണഭാഗത്ത് രണ്ട് ഡ്രോണുകള്‍ നേരത്തെ സൗദി സേന വെടിവെച്ചിട്ടിരുന്നു. സൗദി ലക്ഷ്യമിട്ട് ഹൂത്തികള്‍ ഇതുവരെ 119 ബാലിസ്റ്റിക് മിസൈല്‍ ആക്രമണമാണ് നടത്തിയത്.
യെമനില്‍ ഹൂത്തികള്‍ കയ്യടക്കിയ സന്‍ആയിലെ എയര്‍പോര്‍ട്ടാണ് ഡ്രോണ്‍ ആക്രമണത്തിനായി ഉപയോഗിക്കുന്നതെന്ന് കേണല്‍ മാലിക്കി വാര്‍ത്താലേഖകരോട് പറഞ്ഞു.
ഡ്രോണുകള്‍ ഇറാന്‍ നിര്‍മിതമാണെന്ന് യെമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി കഴിഞ്ഞയാഴ്ച പ്രസ്താവിച്ചിരുന്നു. യെമന്‍ സൈന്യത്തിന് ആളില്ലാ വിമാനങ്ങള്‍ ഇല്ലായിരുന്നുവെന്നും പ്രാദേശികമായി നിര്‍മിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2014 ല്‍ സന്‍ആ പിടിച്ചെടുത്ത ഹൂത്തികള്‍ക്ക് ഇറാന്‍ ആയുധ പിന്തുണയും സഹായവും തുടരുകയാണ്.