ആലപ്പുഴ- ഇന്ത്യ-ചൈന അതിര്‍ത്തി റോഡ് നിര്‍മാണത്തിനിടെ മലയാളി ഗ്രഫ് ജവാന്‍ വീരമൃത്യു വരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഈരേഴ തെക്ക് താനുവേലില്‍ വീട്ടില്‍ ബാബുവിന്റെയും സരസ്വതിയുടെയും മകന്‍ ബിജു (42) ആണ് മരിച്ചത്. ഓപ്പറേറ്റിങ് എക്യുപ് മെന്റ് മെക്കാനിക്കായിരുന്നു. വ്യാഴം പകല്‍ രണ്ടിന് ഉത്തരാഖണ്ഡിലെ പിറ്ററോഗാഡിന് സമീപമായിരുന്നു അപകടം. ബിജു ഓപ്പറേറ്റ് ചെയ്തിരുന്ന എക്‌സ്‌കവേറ്ററിന് മുകളിലേക്ക് വലിയ പാറ ഇടിഞ്ഞു വീഴുകയായിരുന്നു. എക്‌സ്‌കവേറ്റര്‍ തൊട്ടടുത്തുള്ള നദീതീരത്ത് മറിഞ്ഞ് തകര്‍ന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.
2004 ല്‍ പി.എന്‍.ആര്‍ ആയി ജോലിയില്‍ കയറിയ ബിജു അരുണാചല്‍ പ്രദേശിലായിരുന്നു. ഫെബ്രുവരിയില്‍ നാട്ടില്‍ അവധിക്കെത്തി. പ്രമോഷന്‍ കിട്ടിയ ശേഷമായിരുന്നു മടങ്ങിയത്. പോയ ശേഷം ഉത്തരാഖണ്ഡില്‍ ജോലിയില്‍ പ്രവേശിച്ചു. ബിജുവിന്റെ സഹോദരന്‍ സജി മിസോറാമില്‍ ഗ്രഫ് ഉദ്യോഗസ്ഥനാണ്.
ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ രജനി ഭവനത്തില്‍ പരേതനായ രവീന്ദ്രന്റെയും രത്‌നമ്മയുടെയും മകള്‍ രഞ്ജിനിയാണ് ഭാര്യ. മകള്‍: അപര്‍ണ (ചെറുകുന്നം എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി).
ബിജു അവസാനം വീട്ടിലേക്ക് വിളിച്ചത് ഓഗസ്റ്റ് 31 നാണ്. എന്നും വിളിക്കാന്‍ പറ്റുന്ന സ്ഥലത്തല്ല പുതിയ ജോലിയെന്ന് അവധി കഴിഞ്ഞ് പോകും മുമ്പ് ബിജു പറഞ്ഞിരുന്നു. പോസ്റ്റ് മോര്‍ടം നടപടികള്‍ പിറ്ററോഗാഡിലെ സിവില്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി വരുന്നു. ചെട്ടികുളങ്ങര സ്‌കൂളില്‍ പഠിച്ചിറങ്ങിയ ബിജുവിന് പട്ടാളത്തില്‍ ചേരാനായിരുന്നു മോഹം.