പയ്യന്നൂര്‍- മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ അഭിനന്ദനമാണ് ജീവിതത്തില്‍ അവിസ്മരണീയമെന്ന് പറയും വിശ്രമ ജീവിതത്തില്‍ മാതൃകയായ കുഞ്ഞിമംഗലത്തുകാരുടെ എം.വി.പി.
കോഴിക്കോട്ട് പഠിക്കുമ്പോഴാണ് വടക്കെ മലബാറില്‍നിന്നുള്ള ഈ കുട്ടി എഴുതിയ പ്രബന്ധം നോക്കൂയെന്ന് എം.ടി അഭിനന്ദിച്ചത്. എം.ബി.ടി കോളേജില്‍ മലയാളം ക്ലാസെടുക്കുകയായിരുന്നു അന്ന് എം.ടി.
വടക്കെ മലബാറിന്റെ വടക്കേ അറ്റത്തുള്ള കുഗ്രാമത്തില്‍നിന്നു വന്ന കുട്ടിയുടെ ഭാഷാശൈലിയെ കുറിച്ചാണ് എം.ടി ക്ലാസില്‍ എടുത്തു പറഞ്ഞത്.
കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയായ എം.വി.പി മഹ്്മൂദിനെ കുറിച്ചുള്ള ഡോക്യുമെന്ററി കൂടി പുറത്തിറങ്ങിയതോടെയാണ് തനിക്കുള്ള അഭിനന്ദനങ്ങളുടെ തുടക്കം എം.ടിയില്‍നിന്നാണെന്ന് അദ്ദേഹം ഓര്‍ത്തെടുത്തത്.
റിട്ടയര്‍മെന്റ് ജീവിതം ചെടികളോടൊപ്പം ഹരിതാഭമാക്കിയാണ് എം.വി.പി പച്ചപ്പിനേയും കൃഷിയേയും സ്‌നേഹിക്കുന്നവര്‍ക്ക് മാതൃകയായത്. സഹകരണ സ്ഥാപനത്തില്‍നിന്ന് വിരമിച്ച ശേഷം ജോലിയില്‍ പ്രവേശിച്ച വാദിഹുദയാണ് തങ്ങളുടെ മുന്‍ജീവനക്കാരന്റെ കഴിവുകള്‍ അംഗീകരിച്ചുകൊണ്ട് പ്രചോദനമെന്ന പേരില്‍ ഡോക്യുമെന്ററി പുറത്തിറക്കിയത്. റിട്ടയര്‍മെന്റിനുശേഷം 12 വര്‍ഷത്തോളം വാദിഹുദയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു.
ഔദ്യോഗിക ജീവിതത്തില്‍നിന്ന് പൂര്‍ണമായി വിരമിച്ചതോടെയാണ് തന്റെ ഇഷ്ടമേഖലയായകാര്‍ഷിക രംഗത്ത് എം.വി.പി കൂടുതല്‍ സജീവമായത്. ഫലവൃക്ഷങ്ങളിലും ചെടികളിലും പുതിയ രീതികള്‍ പരീക്ഷിക്കുന്നുവെന്നതാണ് എം.വി.പിയുടെ സവിശേഷത. കൃഷിയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സജീവമായ അദ്ദേഹം യുവാക്കളെ കാര്‍ഷിക രംഗത്ത് പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുന്നു.