താനൂര്‍- ശക്തമായ സോഷ്യല്‍ മീഡിയ പ്രചാരണ ഫലമായി തിങ്കളാഴ്ച നടന്ന ഹര്‍ത്താലിനിടെ താനൂരില്‍ വ്യാപകമായി കടകള്‍ ആക്രമിക്കപ്പെടുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് താനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. താനൂരില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തിറങ്ങിയ യുവാക്കള്‍ കടകള്‍ക്കും തുറുന്നു പ്രവര്‍ത്തിച്ച ഭക്ഷണ ശാലകളും നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. തടയാന്‍ ശ്രമിച്ച പോലീസിനു നേര്‍ക്കും ആള്‍ക്കൂട്ടം കല്ലെറിഞ്ഞിരുന്നു. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇന്ന് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. പ്രധാന കവലകളിലെല്ലാം ശക്തമായ പോലീസ് കാവലുണ്ട്.
തീരദേശ മേഖലയില്‍ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം നാലു മണി മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. താനൂരിനു പുറമെ തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. സംഘം ചേരല്‍, പ്രതിഷേധ റാലി സംഘടിപ്പിക്കല്‍, വാട്‌സാപ്, ഫേസ്ബുക്ക്, യുട്യൂബ് വഴി പ്രകോപനപരമായ വിഡിയോ മറ്റു സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയ്‌ക്കെല്ലാം വിലക്കുണ്ട്്.