ചാവക്കാട്- മുസ്‌ലിം ലീഗിന് ആരും പുരോഗമനത്തിന്റെ ക്ലാസ്സ് എടുക്കേണ്ടതില്ലെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. സീതി സാഹിബ് അക്കാദമിയ പാഠശാല ജില്ലതല ഉദ്ഘാടനം പുന്നയൂര്‍ പഞ്ചായത്തിലെ മന്ദലാംകുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുരോഗമനം അരാജകത്വമാകണം എന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങള്‍. അരാജകത്വത്തെ പുരോഗമനം, പരിഷ്‌കാരം, സ്ത്രീ-പുരുഷസമത്വ സാക്ഷാത്കാരം എന്നൊക്കെ സംഘടിതമായി പ്രചരിപ്പിക്കുകയാണ്. സി.പി.എമ്മാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സുസമ്മതങ്ങളായ സദാചാര, ധാര്‍മിക മൂല്യങ്ങള്‍ പോലും പുരോഗമനത്തിന്റെ പേരില്‍ വെല്ലുവിളിക്കപ്പെടുന്നു.
മതവിശ്വാസികള്‍ക്ക് മഹാഭൂരിപക്ഷമുള്ള കേരളത്തില്‍ മതനിരാസം തലമുറകളില്‍ കുത്തിവെക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ കാലങ്ങളായി തുടര്‍ന്നു വരുന്നതാണ്. സമൂഹത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോവുകയാണെങ്കില്‍ അത് നോക്കി നില്‍ക്കാനാകില്ലെന്നും മുനീര്‍ പറഞ്ഞു. പാഠശാല ജില്ല ഒബ്‌സര്‍വര്‍ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, ജില്ല വൈസ് പ്രസിഡന്റ് ആര്‍.പി ബഷീര്‍, മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ്് എ.എം സനൗഫല്‍, ജനറല്‍ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഭാരവാഹികളായ എ.വി അലി, അഷ്‌കര്‍ കുഴിങ്ങര, പി.ജെ ജെഫീഖ്, ആര്‍.വി ബക്കര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആര്‍.വി അഹമ്മദ് കബീര്‍ ഫൈസി സ്വാഗതവും പാഠശാല പഞ്ചായത്ത് ഒബ്‌സര്‍വര്‍ ബാദുഷ കിഴക്കയില്‍ നന്ദിയും പറഞ്ഞു.