ന്യൂദൽഹി- കായൽ കൈയേറ്റ കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹരജി മുൻ മന്ത്രി തോമസ് ചാണ്ടി പിൻവലിച്ചു. കലക്ടറുടെ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ പുതിയ ഹരജി നൽകാനും സുപ്രീം കോടതി അനുമതി നൽകി.
കായൽ കൈയേറ്റ കേസിലെ ഹൈക്കോടതി ഉത്തരവും കലക്ടറുടെ റിപ്പോർട്ടിലെ തുടർനടപടികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹരജി നൽകിയിരുന്നത്. ഈ ഹരജി പിൻവലിക്കാനാണ് കോടതി അനുമതി നൽകിയത്. മന്ത്രിയാണെന്ന കാരണം പറഞ്ഞാണ് ഹൈക്കോടതി തന്റെ റിട്ട് ഹരജി തള്ളിയത്. എന്നാൽ, നിലവിൽ മന്ത്രി അല്ലാത്തതിനാൽ സ്വകാര്യ വ്യക്തിയെന്ന നിലയിൽ കലക്ടറുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.
മന്ത്രിമാർ സർക്കാർ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഹരജി പിൻവലിക്കാൻ അനുമതി നൽകിയ ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം, സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ പുതിയ ഹരജി നൽകാമെന്നും ബെഞ്ച് വ്യക്തമാക്കി. ഹരജിയിലെ നിയമ പ്രശ്‌നം പരിശോധിക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
ചാണ്ടിയുടെ ഹരജിക്കെതിരെ സി.പി.ഐ അംഗമായ ടി.എൻ. മുകുന്ദൻ നൽകിയ തടസ്സ ഹരജി കോടതി പരിഗണിച്ചില്ല. മുകുന്ദന് ഹൈക്കോടതിയിൽ വാദങ്ങൾ ഉന്നയിക്കാമെന്ന് കോടതി പറഞ്ഞു.