തിരുവനന്തപുരം- ശ്രീറാം വെങ്കിട്ടരാമന്റെ നിയമനവും പ്രതിഷേധത്തെ തുടർന്നു സ്ഥാനത്തുനിന്നും മാറ്റിയതും നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരുവനന്തപുരം കേസരി ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു കാറോടിച്ച് ഒരു മാധ്യമപ്രവർത്തകനെ ഇടിച്ചുകൊന്ന കേസിലെ പ്രതിയാണ്. അത്തരം ഒരാളെ ആലപ്പുഴ കലക്ടറായി നിയമിക്കുമ്പോൾ മാധ്യമപ്രവർത്തകർക്കും പൊതുജനത്തിനുമുണ്ടാകുന്ന വികാരം മനസ്സിലാക്കാൻ സർക്കാർ വൈകിപ്പോയി. സർക്കാരുമായി അടുത്തുനിൽക്കുന്ന കാന്തപുരം വിഭാഗത്തിന്റെ വികാരം മറികടക്കാൻ സർക്കാരിന് പ്രയാസമാണ്. അവരെ വെറുപ്പിക്കാൻ തയാറല്ല. അതുകൊണ്ടാണ് തീരുമാനം തിരുത്തേണ്ടിവന്നത്. എതിർപ്പു വരുമെന്നു കണക്കാക്കി നിയമിക്കാതിരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അക്കാര്യത്തിൽ വീഴ്ച പറ്റി. മാറ്റിയ നടപടി തെറ്റായ സന്ദേശമാണ് നൽകുന്നത് വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിൽ വർഗീയ ധ്രുവീകരണം നേരത്തെ ഉള്ളതിനേക്കാൾ വർധിച്ചിട്ടുണ്ട്. അതിന് ബി.ജെ.പിയെ മാത്രം കുറ്റം പറയുന്നതെന്തിനാണ്. സമൂഹത്തിൽ നിയമങ്ങളും ചട്ടങ്ങളും ഒക്കെ ഒരു പ്രത്യേക വിഭാഗത്തിന് ഗുണകരമാവുമ്പോൾ ദാരിദ്ര്യത്തിൽ കഴിയുന്ന വിഭാഗങ്ങളുണ്ട്. ഒരു ഗതിയും പരഗതിയുമില്ലാത്തവർ ഇന്നുമുണ്ട്. 75,000 പേർ അതിദാരിദ്രരായുണ്ട്. ലൈഫ് പദ്ധതി ഒക്കെയുള്ളപ്പോഴും ലക്ഷക്കണക്കിന് വീടില്ലാത്തവർ ഇന്നുമുണ്ട്. സമുദായത്തിലെ ഇത്തരക്കാരുടെ സാമ്പത്തിക ഉന്നമനത്തിനുവേണ്ടിയാണ് യോഗം മൈക്രോഫിനാൻസ് പദ്ധതി ആവിഷ്‌കരിച്ചത്. ചിലയിടങ്ങളിൽ ചില സാമ്പത്തിക കുഴപ്പങ്ങൾ ഉണ്ടായി. ചിലർ അതിനെ പെരുപ്പിച്ചുകാട്ടി സംഘടനയെ തകർക്കാനാണ് ശ്രമിച്ചത്. പാവപ്പെട്ടവരുടെ വോട്ട് കൊണ്ട് വിജയിച്ചാണ് താൻ 25 വർഷമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്നത്. 34 ലക്ഷം വരുന്ന സമുദായംഗങ്ങൾക്ക് വോട്ട് ചെയ്യുന്നതിന് സാഹചര്യമുണ്ടാക്കുന്നതിന്റെ പ്രായോഗികത മനസ്സിലാക്കണം.
എൻ.എസ്.എസുമായുള്ള ഐക്യമെന്നത് ചത്ത കൊച്ചിന്റെ ജാതകം നോക്കുന്നത് പോലാണ്. തമ്പ്രാൻ അടിയാൻ മനോഭാവം ഇക്കാലത്ത് നിലനിൽക്കില്ല. സമഭാവനയാണ് വേണ്ടത്. എൻ.എസ്.എസ് ആണ് സഹകരിക്കില്ലെന്നു പറഞ്ഞു പോയത്. ദേവസ്വംബോർഡിൽ മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയത് സമുദായത്തോട് സർക്കാർ ചെയ്ത ദ്രോഹമാണ്. ദേവസ്വംബോർഡിൽ 96 ശതമാനം സംവരണവും മുന്നാക്കക്കാർക്കാണ്.
യു.ഡി.എഫിന്റെ ഭാവി അധോഗതിയാണ്. എല്ലായിടത്തും ഗ്രൂപ്പുണ്ടാക്കി കോൺഗ്രസ് തീർന്നു. അഖിലേന്ത്യാതലത്തിൽ അമ്മ ഒരു വഴി, മകൻ ഒരു വഴി, അണികൾ ഒരു വഴി. നശിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടി. അതേസമയം ബി.ജെ.പി ഇന്ത്യ മുഴുവൻ ഭരിച്ചുകൊണ്ടിരിക്കുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കും. അതേസമയം, സർക്കാരിനെ തിരുത്തേണ്ടിടത്ത് തിരുത്താനുമാണ് നവോത്ഥാന സമിതി. പുന്നല ശ്രീകുമാർ ചുമതല രാജിവച്ചിട്ടില്ലെന്നും കമ്മിറ്റിയിൽ പ്രവർത്തിക്കാമെന്ന് പറഞ്ഞു ഒഴിവായതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.