Sorry, you need to enable JavaScript to visit this website.

ഹർത്താൽ മലബാറിനെ നിശ്ചലമാക്കി

താനൂരിൽ ഹർത്താലിനിടെ അടിച്ചു തകർത്ത കെ.എസ്.ആർ.ടി.സി ബസ്.

മലപ്പുറം- സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച സന്ദേശങ്ങളുടെ ശക്തിയിൽ യുവാക്കൾ നിരത്തിലിറങ്ങിയതോടെ മലബാർ മേഖലയെ ഹർത്താൽ നിശ്ചലമാക്കി. ജമ്മു കശ്മീരിലെ കതുവയിൽ ആസിഫ എന്ന എട്ടു വയസ്സുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ആരോ ആഹ്വാനം ചെയ്ത ഹർത്താൽ മലബാറിലെ വിവിധ ജില്ലകളിൽ പൂർണമായിരുന്നു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഭൂരിഭാഗം നഗരങ്ങളും ഹർത്താലിൽ നിശ്ചലമായി. കാസർകോട്ടും കണ്ണൂരിലും വയനാട്ടിലും ഹർത്താൽ ചലനം സൃഷ്ടിച്ചു. പലയിടത്തും വാഹനങ്ങൾക്ക് നേരെയും കടകൾക്ക് നേരെയും അക്രമമുണ്ടായി. മലപ്പുറം ജില്ലയിലെ താനൂരിൽ വ്യാപകമായ അക്രമമാണുണ്ടായത്. പോലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി. പത്ത് പോലീസുകാർക്ക് പരിക്കേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് താനൂരിൽ ഒരാഴ്ചത്തേക്ക് നിരോധാജ്ഞ പ്രഖ്യാപിച്ചു. 
മലബാർ മേഖലയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ വാർത്തകൾ പുറത്ത് വന്നതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. വ്യാപകമായി കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ് കല്ലേറു തുടങ്ങി. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. സംഘർഷ സ്ഥലങ്ങളിൽ പോലീസ് എത്താൻ വൈകിയതോടെ അക്രമം വ്യാപിച്ചു. വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. വിവരമറിഞ്ഞ് നാമമാത്രമായ പോലീസാണ് പലേടത്തും എത്തിയത്. മലബാർ മേഖലയിൽ  അക്രമം തടയാൻ പോലീസ് ലാത്തി വീശിയപ്പോൾ തലസ്ഥാനത്ത് അക്രമി സംഘത്തെ തടയാനാകാതെ പോലീസ് കാഴ്ചക്കാരായി.
രാഷ്ട്രീയ പാർട്ടികളുടെയോ മറ്റു സംഘടനകളുടെയോ പിന്തുണയില്ലാതെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ട സന്ദേശങ്ങളുടെയും അറിയിപ്പുകളുടെയും അടിസ്ഥാനത്തിൽ യുവാക്കൾ ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. രാവിലെ ഒമ്പതു മണിയോടെ യുവാക്കൾ പ്രകടനമായി നിരത്തിലിറങ്ങി. ഗതാഗതം നടത്തിയ വാഹനങ്ങൾ തടഞ്ഞു. തുറന്നു പ്രവർത്തിച്ച കടകൾ ബലമായി അടപ്പിച്ചു. ചെറുത്തു നിന്ന കടയുടമകൾക്ക് നേരെ കൈയേറ്റമുണ്ടായി. ചിലയിടങ്ങളിൽ കടകൾ ആക്രമിച്ച് തകർത്തു. മഞ്ചേരിയിൽ സർവീസ് നടത്തിയ ഓട്ടോ റിക്ഷ തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു. 
പാലക്കാട്ടും കണ്ണൂരിലും കോഴിക്കോട്ടും മലപ്പുറത്തും പോലീസും എസ്.ഡി.പി.ഐ പ്രവർത്തകരും ഏറ്റുമുട്ടി. കണ്ണൂരിൽ  കടകൾ അടപ്പിക്കാനെത്തിയവരെ പോലീസ് പിടികൂടി. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷൻ കൈയേറി പോലീസിനെ ആക്രമിച്ചു. അഞ്ചു പോലീസുകാർക്ക് പരിക്കേറ്റു. കോട്ടക്കലിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തു. കോഴിക്കോട് നിലമ്പൂർ എടക്കരയിൽ വാഹനം തടഞ്ഞവർക്കു നേരെ  ലാത്തി വീശി. പൊന്നാനി ബസ് സ്റ്റാൻഡിൽ പോലീസിനു നേരെ കല്ലെറിഞ്ഞു. കാസർകോട് തെക്കിൽ ഭാഗത്തു കെ.എസ്.ആർ.ടി.സി ബസിനു നേരെ നടത്തിയ കല്ലേറിൽ  ഡ്രൈവർക്കു പരിക്കേറ്റു.
കടകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് കടകൾ അടച്ചിടാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഹർത്താലിനെ മുസ്‌ലിം ലീഗ്, സി.പി.എം, സി.പി.ഐ എന്നീ സംഘടനകൾ പരസ്യമായി തള്ളിപ്പറഞ്ഞപ്പോൾ എസ്.ഡി.പി.ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
പൊതുമുതൽ നശീകരണവും അതിക്രമവും നടത്തിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. 
 

Latest News