കൊൽക്കത്ത - സ്പിന്നർമാരായ സുനിൽ നരേനും കുൽദീപ് യാദവും ആറ് വിക്കറ്റ് പങ്കുവെച്ചതോടെ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു മുന്നിൽ ദൽഹി ഡെയർഡെവിൾസ് കറങ്ങി വീണു. കൊൽക്കത്തയുടെ മുൻ നായകൻ ഗൗതം ഗംഭീർ ദൽഹിയെ നയിച്ച് ഈഡൻ ഗാർഡൻസിൽ തിരിച്ചെത്തിയ കളിയിൽ സന്ദർശകർക്ക് നിലംതൊടാനായില്ല. റിഷഭ് പന്തും (26 പന്തിൽ 43) ഗ്ലെൻ മാക്‌സ്‌വെലും (22 പന്തിൽ 47) തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിലാണ് ദൽഹിയുടെ 129 റൺസിൽ 62 റൺസും പിറന്നത്. കൊൽക്കത്തയുടെ ഒമ്പതിന് 200 പിന്തുടർന്ന അവർ 14.2 ഓവറിൽ ഓളൗട്ടായി. മറ്റൊരു ദൽഹി ബാറ്റ്‌സ്മാനും ഏഴിനപ്പുറം കടന്നില്ല.
ആദ്യ ഓവർ മെയ്ഡനാവുകയും അവസാന മൂന്നോവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്‌തെങ്കിലും നിതീഷ് റാണയുടെയും (35 പന്തിൽ 59) ആന്ദ്രെ റസ്സലിന്റെയും (12 പന്തിൽ 41) കൊലവിളികളാണ് കൊൽക്കത്തയെ ഒമ്പതിന് 200 ലെത്തിച്ചത്. സുനിൽ നരേനെ (1) ഓപണറാക്കിയത് പിഴച്ച കൊൽക്കത്തയെ ട്രാക്കിലേക്ക് കൊണ്ടുവരാൻ സഹ ഓപണർ ക്രിസ് ലിന്നിനും (29 പന്തിൽ 31) സാധിച്ചില്ല. ലിൻ ഉടനീളം പരുങ്ങി. റോബിൻ ഉത്തപ്പ എത്തിയതോടെയാണ് (19 പന്തിൽ 35) സ്‌കോറിംഗിന് ഗതിവേഗമാർജിച്ചത്.
പതിനഞ്ചാം ഓവർ എറിയാനെത്തിയ മുഹമ്മദ് ഷാമിയെ സിക്‌സറിനുയർത്തിയാണ് റസ്സൽ തുടങ്ങിയത്. അടുത്ത പന്തിൽ റസ്സൽ ക്യാച്ചനുവദിച്ചെങ്കിലും ജെയ്‌സൻ റോയ് പിടിവിട്ടു. അടുത്ത രണ്ടു പന്തുകളും ഗാലറിയിലേക്ക് പറത്തിയാണ് റസ്സൽ പ്രതികരിച്ചത്. നേരിട്ട 12 പന്തിൽ ആറും റസ്സൽ സിക്‌സറിന് പായിച്ചു. അഞ്ചും ഷാമിയുടെ രണ്ടോവറിലായാണ്. രണ്ടോവറിൽ 11 റൺസിന് ഒരു വിക്കറ്റെടുത്ത ഷാമി അടുത്ത രണ്ടോവറിൽ വഴങ്ങിയത് 42 റൺസായിരുന്നു. എന്നാൽ അവസാന മൂന്നോവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെടുക്കാനേ കൊൽക്കത്തക്ക് കഴിഞ്ഞുള്ളൂ.
കഴിഞ്ഞ കളിയിലെ ഹീറോ ജെയ്‌സൻ റോയിയെ (1) ആദ്യ ഓവറിൽ തന്നെ നഷ്ടപ്പെടുന്നതു കണ്ടാണ് ദൽഹി തുടങ്ങിയത്. പിയൂഷ് ചൗളയുടെ വൈഡായ പന്തിൽ ജെയ്‌സൻ സ്റ്റമ്പ് ചെയ്യപ്പെട്ടു. ബാറ്റിംഗിലെ ഹീറോ റസ്സൽ പുതിയ പന്ത് പങ്കുവെച്ച് ശ്രേയസ് അയ്യരെ (4) മടക്കി. സഹ ബാറ്റിംഗ് ഹീറോ നിതീഷ് ഉജ്വലമായി ക്യാച്ചെടുത്തു. ഈഡൻ ഗാർഡൻസിലേക്കുള്ള തിരിച്ചുവരവ് ക്യാപ്റ്റൻ ഗംഭീറിനും (8) സുഖകരമായില്ല. യുവ പെയ്‌സർ ശിവം മാവി മുൻ കൊൽക്കത്ത നായകന്റെ സ്റ്റമ്പ് തെറിപ്പിച്ചു.