Sorry, you need to enable JavaScript to visit this website.

സൂപ്പർ കപ്പ്: ഈസ്റ്റ് ബംഗാൾ ഫൈനലിൽ

ഭുവനേശ്വർ- മുമ്പ് കളിച്ച ടീമിനെതിരെ ഡുഡു ഒമാഗ്‌ബെമി നേടിയ ഗോൾ സൂപ്പർ കപ്പ് ഫുട്‌ബോളിൽ ഈസ്റ്റ് ബംഗാളിനെ ഫൈനലിലേക്ക് നയിച്ചു. ഗോവ എഫ്.സിയെ അവർ 1-0 ന് കീഴടക്കി. മോഹൻ ബഗാനും ബംഗളൂരു എഫ്.സിയും തമ്മിലുള്ള കളിയിലെ ജേതാക്കളുമായി ഈസ്റ്റ് ബംഗാൾ ഫൈനൽ കളിക്കും. 
എഴുപത്തൊമ്പതാം മിനിറ്റിലാണ് ഈസ്റ്റ് ബംഗാളിന് അവിസ്മരണീയമായ വിജയം നൽകി ഒമാഗ്‌ബെമി ഗോളടിച്ചത്. സസ്‌പെൻഷനുകൾ കാരണം സ്റ്റാർട്ടിംഗ് ലൈനപ്പിൽ അഞ്ച് മാറ്റങ്ങളുമായാണ് എഫ്.സി ഗോവ ഇറങ്ങിയത്. ഹ്യൂഗൊ ബൗമസിനും പ്രണോയ് ഹാൽദൽക്കും ബ്രാൻഡൻ ഫെർണാണ്ടസിനുമൊന്നും കളിക്കാനായില്ല. 
തുടക്കം മുതൽ ഈസ്റ്റ് ബംഗാളിനായിരുന്നു നിയന്ത്രണം. 20 മിനിറ്റാവുമ്പോഴേക്കും അവർ രണ്ടു ഗോളിന് മുന്നിലെത്തേണ്ടതായിരുന്നു. 
യൂസ കറ്റ്‌സൂമിയുടെ പാസിന് മഹ്മൂദ് അൽ അംന ഒന്നു തൊട്ടു കൊടുത്താൽ മതിയായിരുന്നു. ഗോളി ലക്ഷ്മികാന്ത് കട്ടിമണി മാത്രം മുന്നിൽ നിൽക്കെയാണ് ഒമാഗ്‌ബെമിക്ക് പിഴച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോവക്ക് മത്സരത്തിലെ ആദ്യ അവസരം കിട്ടിയത്. ഒറ്റക്ക് കുതിച്ച് ഫെറാൻ കൊറോമിനാസ് തൊടുത്തുവിട്ട വെടിയുണ്ട ഗോൾലൈനിൽ ചുല്ലോവ രക്ഷപ്പെടുത്തി. റീബൗണ്ട് കൊറോമിനാസ് വീണ്ടും തിരിച്ചു വിട്ടെങ്കിലും പോസ്റ്റിനിടിച്ച് മടങ്ങി. 
രണ്ടാം പകുതിയിലും ഒമാഗ്‌ബെമി രണ്ട് തുറന്ന അവസരങ്ങൾ പാഴാക്കി. ലോബോയുടെ ക്രോസിന് ചാടി തല വെച്ചപ്പോഴും ഗോളി മാത്രം മുന്നിലുള്ളപ്പോഴുമാണ് ഗോളകന്നത്. അതിന് ഈസ്റ്റ് ബംഗാൾ കനത്ത വില നൽകേണ്ടി വന്നേനേ. 
എഡു ബേഡിയയുടെ ത്രൂപാസ് ആമി റെനവാഡെ ലക്ഷ്യത്തിലെത്തിച്ചിരുന്നുവെങ്കിൽ. എന്നാൽ അരങ്ങേറ്റക്കാരനായ യുവതാരത്തിന്റെ ശ്രമം മലയാളി ഗോൾ കീപ്പർ ഉബൈദ് സമർഥമായി തടഞ്ഞു. കറ്റ്‌സൂമി തളികയിലെന്ന പോലെ നൽകിയ പാസിൽ നിന്ന് 11 മിനിറ്റ് ശേഷിക്കെയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോൾ. 
തൊട്ടുടനെ ഒമാഗ്‌ബെമി പരിക്കേറ്റ് പിൻവാങ്ങി. പകരം അൻഷുമാന കറോമ ഇറങ്ങി. കറോമയെ പിന്നിൽ നിന്ന് ചവിട്ടിയതിന് ബേഡിയ ചുവപ്പ് കാർഡ് കാണുകയും ചെയ്തു. പത്തു പേരായിച്ചുരുങ്ങിയിട്ടും ഇഞ്ചുറി ടൈമിൽ രണ്ടു തവണ സമനിലക്കുള്ള അവസരം ഗോവ പാഴാക്കി. 
കൊറോമിനാസിന്റെ ഷോട്ട് ഗോൾലൈനിൽ നിന്നാണ് എഡ്വേഡൊ ഫെരേര രക്ഷിച്ചത്. അവസാന മിനിറ്റിൽ മൻവീറും അവസരം തുലച്ചു. 
 

Latest News