ദഹ്‌റാന്‍ - അറബ് രാഷ്ട്ര നേതാക്കള്‍ പങ്കെടുത്ത ദഹ്‌റാന്‍ ഉച്ചകോടിയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഖത്തര്‍ പ്രതിനിധി. ഭരണാധികാരികളുടെ തലതിരിഞ്ഞ നയങ്ങള്‍ മൂലം സ്വന്തം സമൂഹത്തിനിടയില്‍ ഖത്തര്‍ എത്രമാത്രം ഒറ്റപ്പെട്ടു എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധിയുടെ സാന്നിധ്യം.
ഉച്ചകോടി തുടങ്ങുന്നതിനു തൊട്ടുമുമ്പ് രാഷ്ട്ര നേതാക്കള്‍ പരസ്പരം കുശലം പറയുകയും കൂടിയാലോചിക്കുകയും ചെയ്യുന്നതിനിടെ ഖത്തര്‍ പ്രതിനിധി അംബാസഡര്‍ സൈഫ് അല്‍ബൂഅയ്‌നൈന്‍ മാറിനില്‍ക്കുകയായിരുന്നു. സീറ്റുകളില്‍ ഉപവിഷ്ടരായി നേതാക്കള്‍ ചര്‍ച്ച നടത്തിയപ്പോഴും കൂട്ടത്തില്‍ കൂടാന്‍ യോഗ്യതയും അര്‍ഹതയുമില്ലാത്തതുപോലെ ഖത്തര്‍ പ്രതിനിധി മാറിയിരുന്നു.
അറബ് ലീഗ് ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും ഖത്തര്‍ അമീറോ മന്ത്രിമാരോ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. ഖത്തറിനെ പ്രതിനിധീകരിച്ച് അംബാസഡര്‍ സൈഫ് അല്‍ബൂഅയ്‌നൈന്‍ ആണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഖത്തറിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും നിറഞ്ഞ രാഷ്ട്രീയ നിലപാടുകളാണ് ഖത്തറിന്റെ ഒറ്റപ്പെടലിന് കാരണമായി മാറിയതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശും ഖത്തര്‍ പ്രതിപക്ഷ നേതാവ് ശൈഖ് സുല്‍ത്താന്‍ ബിന്‍ സുഹൈം അല്‍ഥാനിയും കുറ്റപ്പെടുത്തിയിരുന്നു.