2018 ഓഗസ്റ്റിലാണ് നൂറ്റാണ്ടിലെ മഹാപ്രളയത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഇതു കഴിഞ്ഞ് 2019 മെയ് മാസം എട്ട് മുതൽ പന്ത്രണ്ട് വരെ തീയതികളിൽ പ്രളയക്കെടുതി നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വൻ സംഘം നാല് യൂറോപ്യൻ രാജ്യങ്ങളിൽ പഠനം നടത്തി. നെതർലാൻഡ്‌സിലാണ് ഇതു സംബന്ധിച്ച് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയത്. പ്രളയം നേരിടുന്ന ഡച്ച് മാതൃക കണ്ടു മനസ്സിലാക്കാനാണ് സാംസ്‌കാരിക നായകരടക്കമുള്ള സംഘം യൂറോപ്പിലെത്തിയത്. നെതർലാൻഡ്‌സിന്റെ പ്രത്യേകത രാജ്യത്തിന്റെ 26 ശതമാനം പ്രദേശവും സമുദ്ര നിരപ്പിൽ നിന്ന് താഴെയാണെന്നതാണ്. എന്നിട്ടും ആഗോള കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ രണ്ടാം സ്ഥാനം ഈ രാജ്യത്തിനുണ്ട്. മുഖ്യമന്ത്രിയും സംഘവും സമാഹരിച്ച അറിവുകൾ കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന അവസരമാണിത്.
കാലവർഷം തുടങ്ങുമ്പോഴത്തെ മഴത്തുള്ളികൾ ആദ്യ പ്രണയം പോലെ മധുരതരമാണ് പലർക്കും. കാമുകിക്കൊപ്പം ഒരു കുടക്കീഴിൽ കാമ്പസിലേക്ക് പോയതൊക്കെ ഓർത്തെടുക്കാനുള്ള അവസരം. ഈ വർഷം കേരളത്തിന് ഇതേവരെ അർഹതപ്പെട്ട മഴ ലഭിച്ചില്ലെന്നതായിരുന്നു ഞായറാഴ്ച പകൽ വരെ പരാതി. തലസ്ഥാന നഗരിയിൽ ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച ചാറ്റൽ മഴയെ തുടക്കത്തിൽ കാര്യമായി ആരും ഗൗനിച്ചതുമില്ല. രാത്രി ഒമ്പത് മണിയായപ്പോഴേക്ക് അനന്തപുരിയുടെ സകല ഭാഗങ്ങളിലും നല്ല മഴ ലഭിച്ചു തുടങ്ങി. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളെ നമ്മുടെ മൺസൂൺ കാണിച്ച് ആകർഷിക്കാനുള്ള പദ്ധതിയിലായിരുന്നു സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്. കേരളത്തിന്റെ പ്രവേശന കവാടമായ തിരുവനന്തപുരം സെൻട്രലിൽ വന്നെത്തുന്നവർ മഴയുടെ ഇടവേളയ്ക്കായി കാത്തിരുന്നത് മണിക്കൂറുകൾ. അപ്പോഴേക്കും കോട്ടയം, ഇടുക്കി ജില്ലകളിൽ കാലവർഷം ശക്തി പ്രാപിച്ചു കഴിഞ്ഞിരുന്നു.
കേരള തലസ്ഥാനത്തെ റെയിൽവേ സ്‌റ്റേഷനിലെ തിരക്ക് പരിഗണിച്ച് ദീർഘദൂര ട്രെയിനുകളുടെ ടെർമിനസ് കുറച്ചു കാലമായി ഏതാനും കിലോ മീറ്ററുകൾ അകലെയുള്ള കൊച്ചുവേളിയിലാണ്. യു.പി, ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ, നിസാമുദ്ദീൻ, മുംബൈ ലോകമാന്യ തിലക് ടെർമിനസ് ട്രെയിനുകളിൽ പലതും പുറപ്പെടുന്നത് കഴക്കൂട്ടത്തിനടുത്തുള്ള ഉപഗ്രഹ സ്റ്റേഷനിൽ നിന്ന്. ഞായറാഴ്ച അർധരാത്രി 12 കഴിഞ്ഞ് കൊച്ചുവേളിയിലേക്ക് വരുന്ന റോഡുകളെളെല്ലാം വിജനം. ദോഷം പറയരുതല്ലോ. കോഴിക്കോടിനെയും കൊച്ചിയെയും അപേക്ഷിച്ച് റോഡിൽ പലേടത്തും പോലീസ് പട്രോൾ വാഹനങ്ങൾ കണ്ടു. ഹിരോഷിമയ്ക്കും നാഗസാക്കിക്കും ശേഷമുണ്ടായ ഏറ്റവും ഭീകരമായ എ.കെ.ജി സെന്റർ സ്‌ഫോടന പരമ്പരയുടെ അനന്തര ഫലമാണോ എന്നറിയില്ല. സാറ്റലൈറ്റ് സ്‌റ്റേഷൻ എന്നൊക്കെ ഭംഗിവാക്ക് പറയാമെങ്കിലും കൊച്ചുവേളിയിൽ മുംബൈ എൽ.ടി.ടിയിലേക്ക് പോകുന്ന സൂപ്പ്രർ ഫാസ്റ്റ് ട്രെയിൻ നിർത്തിയിട്ട നാലാം പ്ലാറ്റുഫോമിൽ ഒറ്റ സ്റ്റാൾ മാത്രം. പാതിരാവിലും കംപാർട്ടുമെന്റുകളിൽ ശുചീകരണ ജോലിയിലേർപ്പെട്ട റെയിൽവേ ജീവനക്കാരികൾ പേമാരിയുടെ കാഠിന്യത്തിൽ ഏറെ പ്രയാസപ്പെട്ട് ജോലി ചെയ്യുന്നു. രാത്രി 12 ന് തുടങ്ങിയ കനത്ത മഴ 1.05 ന് ട്രെയിൻ യാത്ര പുറപ്പെടുമ്പോഴും ഉഗ്രഫോമിൽ തുടരുകയായിരുന്നു. മധ്യത്തിലെ നാലോ അഞ്ചോ ബോഗികളിൽ കയറാനുള്ള യാത്രക്കാർക്ക് മാത്രമേ മഴ നനയാതെ നിൽക്കാൻ സൗകര്യമുള്ളൂ. തലസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിലൊന്നിൽ ഉടനീളം റൂഫ് വേണമെന്ന് ജനപ്രതിനിധികൾക്ക് തോന്നാത്തതെന്താണവോ? പഴയൊരു കമലഹാസൻ പടത്തിലെ പാട്ട് പോലെ തുള്ളിക്കൊരു കുടം പേമാരിയിലായിരുന്നു ദുരിത പെയ്ത്തിന്റെ തുടക്കം. ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ കനത്ത മഴ കേരളത്തിലെ പല ജില്ലകളിലും ഇപ്പോഴും തുടരുകയാണ്. തമ്പാനൂർ മുതൽ അകലെ കോട്ടയത്തെ ഈരാറ്റുപേട്ട വരെ വെള്ളം കയറിയതാണ് തിങ്കളാഴ്ച കണ്ടത്. ചൊവ്വാഴ്ച തൃശൂരിലെ ചാലക്കുടി പുഴ അഞ്ച് മണിക്കൂർ നീന്തിക്കടന്നാണ് ഗജവീരൻ സ്വന്തം ജീവൻ രക്ഷിച്ചത്. 2018 ലെ മഹാ പ്രളയത്തെ കുറിച്ചുള്ള നടുക്കുന്ന ഓർമകളുള്ളതിനാൽ ആശങ്കയുടെ നാളുകളാണ് മലയാളി സമൂഹത്തിനിപ്പോൾ.
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവർ, അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത്തരം സ്ഥലങ്ങളിൽ പ്രളയത്തിനും മണ്ണിടിച്ചലിനും സാധ്യത ഏറെയാണെന്ന് കാലാവസ്ഥ കേന്ദ്രം സീനിയർ സയൻസ്റ്റിസ് ഡോ. ആർ.കെ. ജെനമണി പറഞ്ഞു. വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മഴ കനക്കുന്ന പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും മുഖ്യമന്ത്രി കലക്ടർമാരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. അഞ്ചു ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കാണുന്നതെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണം. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഏഴു ഡാമുകളിൽ ഇന്നലെ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, പത്തനംതിട്ടയിലെ മൂഴിയാർ, തൃശൂരിലെ പെരിങ്ങൽകുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. മങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം ഉയർത്തി. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്.
കേരളത്തിലെ പത്ത് ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് നൽകിയിരിക്കുന്നത്. ഇന്നലെ രാവിലെ മുതലുള്ള മഴയുടെ സാഹചര്യം കണക്കിലെടുത്താണ് റെഡ് അലർട്ട് പട്ടിക വിപുലപ്പെടുത്തിയത്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇന്നലെ ഉച്ചയോടെ എട്ടായി.
അതിതീവ്ര മഴ തുടരുന്നതിനിടെ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മുണ്ടക്കയത്ത് ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. കുട്ടമ്പുഴയിൽ വനത്തിനുള്ളിൽ കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പേരാവൂരിൽ നെടുംപുറംചാലിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. മഴ മുന്നറിയിപ്പിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. വെള്ളിയാഴ്ച വരെയാണ് അടച്ചത്. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴക്കെടുതിയെ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങളെ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.
വർഷാവർഷം ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ഇതിൽ നിന്നൊന്നും പാഠം പഠിക്കാൻ നമ്മുടെ ഭരണാധികാരികൾക്കാവുന്നില്ലെന്നതാണ് സങ്കടം. തലസ്ഥാന നഗരിയിൽ കുറെ സ്ഥലങ്ങളിൽ കാൽനട യാത്ര സുരക്ഷിതമാവാൻ റോഡുകളിൽ ഫുട്പാത്തുകളുണ്ട്. കോഴിക്കോട് നഗരത്തിലെ ഫുട്പാത്തുകളെ രാത്രിയിലെ ഇരുട്ടിൽ എങ്ങനെ വിശ്വസിച്ച് നടക്കും? കാറിലും വിമാനത്തിലും മാത്രം യാത്ര ചെയ്യുന്നവർക്ക് ഇതൊന്നും വിഷയമല്ല. സാധാരണ മനുഷ്യർ ധാരാളം നടന്നാണല്ലോ ഇപ്പോഴും ജീവിക്കുന്നത്.
പ്രളയം വന്നാൽ മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമെന്നും കേരളം രണ്ടായി വിഭജിക്കപ്പെടുമെന്നുമൊക്കെ ആശങ്കപ്പെടുമെന്ന തരത്തിൽ മഹാപ്രളയ കാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നു. അറബിക്കടലിലേക്ക് ഒലിച്ചു പോകാനിടയുള്ള ജില്ലകളെ ഓർത്ത് ഉറക്കം നഷ്ടപ്പെട്ട മന്ത്രിയും നമുക്കുണ്ടായിരുന്നു. കാലവർഷക്കെടുതികൾ ആവർത്തിക്കപ്പെടുമ്പോഴും അനുഭവത്തിൽ നിന്ന് കേരളം ഒന്നും പഠിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. 2018 ഓഗസ്റ്റിലാണ് നൂറ്റാണ്ടിലെ മഹാപ്രളയത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഇതു കഴിഞ്ഞ് 2019 മെയ് മാസം എട്ട് മുതൽ പന്ത്രണ്ട് വരെ തീയതികളിൽ പ്രളയക്കെടുതി നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വൻ സംഘം നാല് യൂറോപ്യൻ രാജ്യങ്ങളിൽ പഠനം നടത്തി. നെതർലാൻഡ്‌സിലാണ് ഇതു സംബന്ധിച്ച് വിദഗധദരുമായി കൂടിക്കാഴ്ച നടത്തിയത്. പ്രളയം നേരിടുന്ന ഡച്ച് മാതൃക കണ്ടു മനസ്സിലാക്കാനാണ് സാംസ്‌കാരിക നായകരടക്കമുള്ള സംഘം യൂറോപ്പിലെത്തിയത്. നെതർലാൻഡ്‌സിന്റെ പ്രത്യേകത രാജ്യത്തിന്റെ 26 ശതമാനം പ്രദേശവും സമുദ്ര നിരപ്പിൽ നിന്ന് താഴെയാണെന്നതാണ്. എന്നിട്ടും ആഗോള കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ രണ്ടാം സ്ഥാനം ഈ രാജ്യത്തിനുണ്ട്. അക്കാലത്ത് അവിടെ ഇന്ത്യയുടെ സ്ഥാനപതിയായിരുന്ന വേണു രാജാമണി ഡച്ച് മാതൃകയെ കുറിച്ച് രചിച്ച പുസ്തകം അടുത്തിടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയും സംഘവും സമാഹരിച്ച അറിവുകൾ കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന അവസരമാണിത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കേരള സർക്കാർ നടപ്പാക്കുന്ന എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങളോടും യു.ഡി.എഫ് സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുമുണ്ട്.