റിയാദ് - മയക്കുമരുന്ന് ശേഖരങ്ങളുമായി സിറിയക്കാരി അടക്കം അഞ്ചു പേരെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. റിയാദിൽ വൻ മയക്കുമരുന്ന് ശേഖരവുമായി വനിത ഉൾപ്പെട്ട രണ്ടംഗ സംഘത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ അറസ്റ്റ് ചെയ്തു. വിസിറ്റ് വിസയിൽ രാജ്യത്തെത്തിയ സിറിയക്കാരിയും നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന സിറിയക്കാരനുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ 7,32,010 ലഹരി ഗുളികകൾ കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ വക്തവ് മേജർ മുഹമ്മദ് അൽനജീദി അറിയിച്ചു.
മയക്കുമരുന്ന് ശേഖരവുമായി പാക്കിസ്ഥാനിയെ ജിസാൻ പ്രവിശ്യയിൽ പെട്ട അൽദായിറിൽ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന പാക്കിസ്ഥാനിയുടെ പക്കൽ 100 കിലോ ഹഷീഷ് കണ്ടെത്തി. പാക്കിസ്ഥാനി ഓടിച്ച വാഹത്തിന്റെ ടയറുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി തൊണ്ടി സഹിതം പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അതിർത്തി സുരക്ഷാ സേന അറിയിച്ചു.
ജിസാനിൽ 47 കിലോ മയക്കുമരുന്നുമായി മറ്റൊരു സൗദി യുവാവിനെ സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗവും പിടികൂടി. ജിസാൻ പ്രവിശ്യയിൽ പെട്ട ദായിറിൽ വെച്ച് പിടിയിലായ പ്രതിയുടെ വാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. തുടർ നടപടികൾക്ക് പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
മക്ക പ്രവിശ്യയിൽ പെട്ട അൽഖോസിൽ ഹൈവേ സുരക്ഷാ സേനക്കു കീഴിലെ ചെക്ക് പോസ്റ്റിൽ വെച്ച് 12 കിലോ ഹഷീഷുമായി യെമനിയും അറസ്റ്റിലായി. യുവാവിന്റെ വാഹനത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരം. ചെക്ക് പോസ്റ്റിൽ വെച്ച് സംശയം തോന്നി നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.