ജിസാൻ- സ്വബ്‌യയിൽ വിജനമായ വന പ്രദേശത്ത് കഴിയുന്ന കുടുംബത്തിന്റെ ദുരിതങ്ങൾക്ക് അറുതിയാകുന്നു. കുടുംബത്തെ എത്രയും വേഗം അനുയോജ്യമായ താമസ സ്ഥലത്തേക്ക് മാറ്റുന്നതിനും ഇവരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനും ജിസാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരൻ നിർദേശം നൽകി.
കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനുള്ള മുഴുവൻ ചെലവും ഡെപ്യൂട്ടി ഗവർണർ ഏറ്റെടുത്തിട്ടുണ്ട്. യെമനി പൗരൻ വിവാഹം ചെയ്ത സൗദി വനിതയും ഈ ബന്ധത്തിലുണ്ടായ മക്കളുമാണ് വനത്തിൽ മരത്തിനു താഴെ കഴിയുന്നത്. ഇതേക്കുറിച്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് സംഭവത്തിൽ ഡെപ്യൂട്ടി ഗവർണർ ഇടപെട്ടത്.
ഗവർണറുടെ നിർദേശം വന്നതിനു പിന്നാലെ ജിസാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ ഡയറക്ടർ ജനറൽ എൻജിനീയർ അഹ്മദ് അൽഖുൻഫുദിയും സ്വബ്‌യ ഗവർണർ മൻസൂർ അൽദാവൂദും അൽഹുസൈനി ഗോത്ര നേതാവ് ഇബ്രാഹിം അൽദർവിയും കുടുംബത്തെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുടുംബത്തെ എത്രയും വേഗം അനുയോജ്യമായ താമസ സ്ഥലത്തേക്ക് മാറ്റുമെന്ന് ഇവർ പറഞ്ഞു. സാമൂഹിക സുരക്ഷാ പദ്ധതി അനുസരിച്ച ധനസഹായങ്ങളും മറ്റു സഹായങ്ങളും കുടുംബത്തിന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കുന്നതു വരെ ഇവരുടെ ചെലവുകൾ ഡെപ്യൂട്ടി ഗവർണർ വഹിക്കും. സ്വബ്‌യ ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്ന് കുടുംബത്തിന് സഹായം ലഭിക്കുന്നുണ്ടെന്ന് എൻജിനീയർ അഹ്മദ് അൽഖുൻഫുദി പറഞ്ഞു.
കുട്ടികളുടെ മാതാവിന് സൗദി തിരിച്ചറിയൽ രേഖ ലഭ്യമാക്കുന്നതിനുള്ള നടപടികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ നിരീക്ഷിക്കും. ഇവർക്ക് സൗദികളായ സഹോദരന്മാരും ബന്ധുക്കളുമുണ്ട്. ഇവരുടെ മക്കൾ യെമനികളാണ്. രാജ്യത്തെ നിയമ, നിർദേശങ്ങൾക്ക് അനുസൃതമായി കുടുംബത്തിന് ആവശ്യമായ സേവനങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ നൽകുമെന്നും അദ്ദേഹം പറഞ്ഞു.