Sorry, you need to enable JavaScript to visit this website.

ചാരായ വിൽപ്പനയിൽനിന്ന് മണി ചെയിനിലേക്ക്; 50 കോടി തട്ടിയ കേസിലെ പ്രതി പിടിയിൽ

ഊട്ടോളി ബാബു 

കൊണ്ടോട്ടി- മണിചെയിൻ മോഡലിൽ തമിഴ്‌നാട്, ബംഗാൾ, സംസ്ഥാനങ്ങളിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് കോടികൾ തട്ടിയ തട്ടിപ്പു സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ.തൃശ്ശൂർ  തൃക്കൂർ തലോർ സ്വദേശി   ഊട്ടോളി ബാബു (50)ആണ് പോലിസ് പിടിയിലായത്. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂരിലെ ഒളിത്താവളത്തിൽ  മറ്റൊരു പേരിൽ കമ്പനി നിർമ്മിച്ച് പണം തട്ടാനുള്ള പദ്ധതി നടത്തി വരവെ  പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 
   2020 ലാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് വൺ ഇൻഫോ ട്രൈഡ് എന്ന സ്ഥാപനം ബാബുവും പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ചേർന്ന് തുടങ്ങുന്നത്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവുമാരെ വലിയ വേതനം വാഗ്ദാനം നൽകി നിയമിച്ചു.11250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് ആറ് മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണകളായി 2,70,000 രൂപ, ബോണസായി 81 ലക്ഷം രൂപ, കമ്മീഷനായി ഇരുപത് ശതമാനവും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിലെത്തും.100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും.
   കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ പെട്ട് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീ പ്രവർത്തകരടക്കം 35,000 ഓളം പേരാണ് പെട്ടത്. പലർക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
    പോലീസ് സൈബർ ഡോമിന്റെ പേരിൽ വ്യാജ ബ്രൗഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളിൽ സ്‌പോൺസേർഡ് ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പു നടത്തി വന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനും ഫ്‌ളാറ്റുൾപ്പെടെ സ്ഥലങ്ങൾ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്‌റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂരിൽ വ്യാജ ചാരായം വിൽപന നടത്തിവന്ന ബാബുവിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു.ഇയാളുടെ പേരിൽ പുതുക്കാട്, ഒല്ലൂർ, ചാലക്കുടി എക്‌സൈസ് എന്നിവിടങ്ങളിൽ ചാരായം വിൽപന നടത്തിയതിന് കേസുണ്ട്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി  കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി  ഇയാളെ കസ്റ്റഡിയിൽ വാങ്ങും.
    മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്‌പെക്ടർ മനോജ്,എസ്.ഐ നൗഫൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീർ ,രതീഷ് ഒളരിയൻ ,സബീഷ്, സുബ്രഹ്മണ്യൻ , പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Latest News