തിരുവനന്തപുരം- ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് വകുപ്പുമന്ത്രിയറിയാതെയെന്ന് ആക്ഷേപം. ആരോപണ വിധേയനെ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിയമിച്ചതില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അതൃപ്തിയറിയിച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ ചുമതലയും സര്‍ക്കാരിനും ഇടതുമുന്നണിക്കും തലവേദനയാകുമെന്ന് സൂചന നല്‍കിയാണ് ഭക്ഷ്യമന്ത്രി അതൃപ്തി അറിയിച്ചത്. സി.പി.ഐ ഭരിക്കുന്ന ഭക്ഷ്യവകുപ്പിനു കീഴില്‍ വരുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി ശ്രീറാമിനെ നിയമിച്ച് 24 മണിക്കൂര്‍ തികയും മുമ്പാണ് മന്ത്രിക്ക് വിയോജിപ്പെന്ന വാര്‍ത്ത പുറത്തുവന്നത്. മുതിര്‍ന്ന സി.പി.ഐ നേതാക്കന്‍മാര്‍പോലും വാര്‍ത്ത വന്നപ്പോഴാണ് ശ്രീറാമിന്റെ പുതിയ നിയമന ഉത്തരവിന്റെ കാര്യം അറിഞ്ഞത്. ഇതോടെ മന്ത്രി ജി.ആര്‍. അനില്‍ നേരിട്ട് എതിര്‍പ്പ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയെന്നാണ് വിവരം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ 23 നാണ് ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത്.