പേരാവൂര്‍- പേരാവൂരില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലില്‍ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ രണ്ടരവയസ്സുകാരി നുമ തസ്‌ലിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട് കുഞ്ഞുമായി വീടിനു പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയി. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. നെടുംപുറംചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി.
കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്കേരി, പൂളക്കുണ്ട്, കേളകത്തെ വെള്ളൂന്നി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. കാഞ്ഞിരപ്പുഴ തീരത്ത് വ്യാപകനാശം. വെള്ളറയില്‍ മണ്ണാലി ചന്ദ്രനെ (55) കാണാതായി. ഇദ്ദേഹത്തിന്റെ വീട് പൂര്‍ണമായി തകര്‍ന്നു. വെള്ളറയില്‍ കാണാതായ ചന്ദ്രന്റെ മകന്‍ റിവിനെയും കാണാതായെങ്കിലും രാത്രി വൈകി കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാവൂര്‍ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവന്റെ ഒരുകെട്ടിടം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് അടക്കമുള്ള അഞ്ച് വാഹനങ്ങള്‍ ഒഴുകിപ്പോയതായി ഡയറക്ടര്‍ സന്തോഷ് പറഞ്ഞു.
തെറ്റുവഴി സര്‍വീസ് സ്‌റ്റേഷനുസമീപം ഒരു കുടുംബവും ഏലപ്പീടിക കണ്ടംതോട്ടില്‍ ഉരുള്‍പൊട്ടി അഞ്ച് കുടുംബങ്ങളും ഒറ്റപ്പെട്ടു. ചെക്കേരി പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞൊഴുകി. നിടുംപൊയില്‍, തൊണ്ടിയില്‍ ടൗണുകളില്‍ പൂര്‍ണമായും വെള്ളം കയറി. മുപ്പതോളം കടകളിലും വെള്ളം കയറി. കേളകം പഞ്ചായത്തില്‍ വെള്ളൂന്നി കണ്ടംതോട്ടില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് ഏലപ്പീടിക പുല്ലുമലയ്ക്ക് സമീപം കണ്ടംതോട് കോളനിപ്രദേശത്ത് ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.