തിരുവനന്തപുരം- കണ്ണൂരില്‍ കല്യാണത്തിന് നാല് പോലീസ് ഉദ്യോഗസ്ഥരെ വാടകയ്ക്കു നല്‍കിയ സംഭവത്തില്‍ പോലീസിനുള്ളില്‍ കടുത്ത അമര്‍ഷം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കി. പോലീസിനെ പ്രദര്‍ശന വസ്തുവാക്കരുതെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങിന് എത്തുന്ന വിഐപി, അയാളെ സംബന്ധിച്ചു മാത്രമാണ് വിഐപി. സംസ്ഥാന പോലീസിന് അവര്‍ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവര്‍ അതിനു ശേഷം ആരോപണ വിധേയരാകുന്നതും പിന്നീട് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിതെന്നും പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു പറഞ്ഞു.
സി.ആര്‍.ബിജുവിന്റെ സമൂഹ മാധ്യമ കുറിപ്പ്
കണ്ണൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ചടങ്ങിന് 4 പോലീസ് ഉദ്യോഗസ്ഥന്മാരെ അനുവദിച്ച ഡിപ്പാര്‍ട്ട്‌മെന്റ് നടപടി മാധ്യമ വാര്‍ത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. നിയമപരമല്ലാത്ത ഒരു കാര്യത്തിനും പോലീസിനെ ഉപയോഗിക്കാന്‍ പാടില്ല എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയായ പൊലീസ് ആക്ടാണ് കേരളത്തിനുള്ളത്. ഈ പോലീസ് ആക്ടില്‍ ജനപക്ഷ ചിന്തയില്‍, മികച്ച പൊലീസിങ്ങിനും പോലീസ് സേവനത്തിനും ആവശ്യമായ എല്ലാം നിലവിലുണ്ട്. അതിന് വിരുദ്ധമായ സാഹചര്യത്തിലേക്ക് പോലീസ് സേനയെ ഉപയോഗിക്കാതിരിക്കാനും വ്യക്തമായ സെക്ഷനുകള്‍ പോലീസ് ആക്ടിലുണ്ട്.
കേരള പോലീസ് ആക്ട് സെക്ഷന്‍ 62 ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. സെക്ഷന്‍ 62(2) ല്‍ ഒരു സ്വകാര്യ വ്യക്തിക്കോ സ്വത്തിനോ മാത്രമായി സൗജന്യമായോ ഫീസ് ഈടക്കിക്കൊണ്ടോ പ്രത്യേക പോലീസിനെ ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്.
എന്നാല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ എന്ന പോലെ പോലീസ് വകുപ്പിന്റെയും സ്ഥലമോ സാമഗ്രികളോ ഉപയോഗിക്കേണ്ടി വന്നാല്‍ അതിന് കൃത്യമായ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവും നിലവിലുണ്ട്.
ഇനി, ഇത്തരം സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുന്നതില്‍ സുരക്ഷ നല്‍കേണ്ട ഏതെങ്കിലും വ്യക്തികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സുരക്ഷ നല്‍കാന്‍ നിലവില്‍ തന്നെ വകുപ്പുകള്‍ ഉണ്ട്. അത് കൃത്യമായി പോലീസ് നല്‍കി വരുന്നുമുണ്ട്.
ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന വിഐപിമാരുടെ സുരക്ഷ എന്നതും ഗൗരവമായി കാണേണ്ടതാണ്. ആ വ്യക്തിയുടെ വിഐപി, അയാളെ സംബന്ധിച്ച് മാത്രമാണ് വിഐപി. സംസ്ഥാന പോലീസിന് അവര്‍ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവര്‍ അതിന് ശേഷം ആരോപണ വിധേയരായി മാറുന്നതും പലരും ആരോപണങ്ങള്‍ ശരിവച്ച് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.
ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെ ഇത്തരത്തില്‍ പോലീസ് സേവനത്തിനായി സമീപിക്കുന്ന അല്പന്മാരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. തന്റെ വലുപ്പം മറ്റുള്ളവരെ അറിയിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് 1400 രൂപ എന്നതിന് പകരം ഒരു ലക്ഷം വരെ അടയ്ക്കാനും തയ്യാറുള്ളവര്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ ഈ നടപടി ആവര്‍ത്തിക്കാതിരിക്കേണ്ടതാണ്. ഇങ്ങനെ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റേയും ഡിപ്പാര്‍ട്ട്‌മെന്റ് മേലധികാരികളുടേയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.