തൃശൂർ-തൃശൂർ കുരഞ്ഞിയൂരിൽ മരിച്ച യുവാവിന് മങ്കി പോക്‌സ് ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിൽനിന്നുള്ള പരിശോധന ഫലം പുറത്തുവന്നു. രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണമാണിത്. യു.എ.എയിൽനിന്ന് വരുന്ന സമയത്ത് തന്നെ യുവാവിന് പനി ഉണ്ടായിരുന്നുവെന്നും വിദേശത്ത് നടത്തിയ പരിശോധനയിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചുവെന്നുമാണ് പോലീസ് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ 21-നാണ് യുവാവ് നാട്ടിൽ എത്തിയത്. പനി കാരണം തൃശൂര്‍ ദയ ആശുപത്രിയിൽ എത്തിയത് 27-നായിരുന്നു. ശനിയാഴ്ച മരണം നടന്ന ശേഷമാണ് വീട്ടുകാർ ആശുപത്രിയിൽ ഫലം കാണിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവാവിന്റെ ആരോഗ്യനില ഏറെ വഷളായിരുന്നു. എന്നാൽ ശരീരത്തിൽ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കുരഞ്ഞിയൂരിൽ മെഡിക്കൽ സംഘം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
യുവാവിന്റെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.
വിദേശ രാജ്യത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവായ യുവാവ് തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്‌ക ജ്വരവും മൂലമാണ്.