Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിക്കണം; വിശദീകരണവുമായി എം.കെ.മുനീര്‍

കോഴിക്കോട്- ലിംഗ സമത്വത്തിനെതിരായ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി ഡോ. എം.കെ മുനീര്‍. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി.പി.എമ്മിന്റെ ഘടനയെന്നും പറഞ്ഞു.
ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അര്‍ഥത്തില്‍ ആണെന്നും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക എന്ന ഉദേശ്യത്തില്‍ അല്ല പറഞ്ഞതെന്നും എം.കെ മുനീര്‍ അവകാശപ്പെട്ടു.
എം.എസ്.എഫ് വേദിയിലാണ് കഴിഞ്ഞ ദിവസം ലിംഗസമത്വ യൂണിഫോമിനെതിരെ ഡോ. എം.കെ മുനീര്‍ സംസാരിച്ചത്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

അതേ സമയം സി.പി.എം പാഠ്യ പദ്ധതിയില്‍ മതനിരാസം ഒളിച്ചുകടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മതമില്ലാത്ത ജീവന്‍ എന്നതിനെ മറ്റൊരു രൂപത്തില്‍ കൊണ്ടുവരുന്നു. മത വിശ്വാസികള്‍ക്ക് സി.പി.എമ്മില്‍ ഇടമില്ല. കെ.ടി ജലീലിനെ പാര്‍ട്ടിക്ക് പുറത്ത് നിര്‍ത്തുന്നതിന്റെ കാരണം മറ്റെന്താണെന്നും മുനീര്‍ ചോദിച്ചു

സി.പി.എമ്മുമായി ആശയപരമായി മുസ്ലിം ലീഗിനു ചേര്‍ന്നുപോകാനാകില്ലെന്ന് ഇടതുമുന്നണിയിലേക്കുള്ള ഇ.പി. ജയരാജന്റെ ആവര്‍ത്തിച്ചുള്ള ക്ഷണത്തിനു മറുപടിയായി  മുനീര്‍ പറഞ്ഞു. സിപിഎമ്മിന്റേയും ലീഗിന്റേയും ആശയങ്ങള്‍ വ്യത്യസ്തമാണ്. രണ്ട് ആശയങ്ങളും രണ്ട് ധ്രുവങ്ങളില്‍ ഉള്ളെതെന്നും മുനീര്‍ പറഞ്ഞു.

 

Latest News