അബുദാബി- യു.എ.ഇയിലെ താമസക്കാര്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ ഇസ്രായേലിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസക്ക് അപേക്ഷിക്കാമെന്ന് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്കും നയതന്ത്ര ദൗത്യങ്ങള്‍ക്കും വേണ്ടിയുള്ള ഔട്ട്‌സോഴ്‌സിംഗ്, ടെക്‌നോളജി സേവന വിദഗ്ധരായ വി.എഫ്.എസ് ഗ്ലോബല്‍ അറിയിച്ചു.
2020 ല്‍ ചരിത്രപ്രസിദ്ധമായ അബ്രഹാം ഉടമ്പടി ഒപ്പുവെച്ചതിനെത്തുടര്‍ന്ന്, യു.എ.ഇയും ഇസ്രായേലും തങ്ങളുടെ പൗരന്മാര്‍ക്ക് മ്യൂച്വല്‍ എന്‍ട്രി വിസ ഇളവ് വാഗ്ദാനം ചെയ്തിരുന്നു. ഓഗസ്റ്റ് 1 മുതല്‍, യു.എ.ഇയിലെ താമസക്കാര്‍ക്ക് വി.എഫ്.എസ് ഗ്ലോബലിന്റെ അബുദാബി ഓഫീസ് സന്ദര്‍ശിച്ച് യാത്രയ്ക്കുള്ള വിസ അപേക്ഷകള്‍ സമര്‍പ്പിക്കാം.
യുഎഇയിലെ ഔദ്യോഗിക ടൂറിസം പ്രാതിനിധ്യ ഏജന്‍സിയായി വി.എഫ്.എസ് ഗ്ലോബലിനെ ഇസ്രായേല്‍ നിയമിച്ചിരുന്നു. യു.എ.ഇ നിവാസികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് വ്യത്യസ്ത തരം വിസകള്‍ക്ക് അപേക്ഷിക്കാം.
'ടൂറിസം, ബിസിനസ്, സ്റ്റുഡന്റ്‌സ്, കോണ്‍ഫറന്‍സ്, മെഡിക്കല്‍, ബന്ധു സന്ദര്‍ശനം, ഫാമിലി വിസിറ്റ് വിഭാഗങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് വി.എഫ്.എസ് ഗ്ലോബല്‍ പറഞ്ഞു.