ജിദ്ദ- പണം വെളുപ്പിക്കൽ കേസിൽ വനിത അടക്കം മൂന്ന് ആഫ്രിക്കക്കാരെ കോടതി ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ജിദ്ദ എയർപോർട്ട് വഴി രാജ്യം വിടുന്നതിനിടെ ആഫ്രിക്കക്കാരിയുടെ ബാഗേജിൽ ഒളിപ്പിച്ച് 12,86,000 റിയാൽ കടത്താൻ സംഘം ശ്രമിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിലൂടെയും രാജ്യത്തെ നിയമങ്ങൾ ലംഘിച്ചും സമ്പാദിച്ചതാണ് ഈ പണമെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച് പണം വെളുപ്പിക്കൽ നടത്തിയെന്ന ആരോപണമാണ് മൂവർക്കുമെതിരെ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്.
കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി കുറ്റകൃത്യങ്ങളിലെ പങ്കിനനുസരിച്ച് പ്രതികളെ അഞ്ചു വർഷം വരെ തടവിന് ശിക്ഷിച്ചു. ജിദ്ദ എയർപോർട്ട് വഴി കടത്താൻ ശ്രമിക്കുന്നതിനിടെ സംഘത്തിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പണവും പ്രതികളിൽ ഒരാളുടെ വീട്ടിൽ നടത്തിയ പരിശോധനക്കിടെ പിടിച്ചെടുത്ത പണവും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോണുകളും കണ്ടുകെട്ടാനും കോടതി വിധിച്ചു. കുറ്റകൃത്യങ്ങളിലുള്ള പങ്കിനനുസരിച്ച് പ്രതികൾക്ക് വ്യത്യസ്ത തുക പിഴയും ചുമത്തി. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ സൗദിയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷ വിധിക്കണം എന്ന് ആവശ്യപ്പെട്ട് കീഴ്‌ക്കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകിയിട്ടുണ്ട്.
നിയമാനുസൃതമല്ലാത്ത പണവും വിലപിടിച്ച വസ്തുക്കളും വിദേശത്തേക്ക് കടത്തുന്നതിന് തങ്ങളെ ചൂഷണം ചെയ്യാൻ മറ്റുള്ളവരെ അനുവദിക്കരുതെന്ന് യാത്രക്കാരോട് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സൗദിയിൽ നിന്ന് വിദേശങ്ങളിലേക്ക് പോകുന്നവരും വിദേശങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്നവരും തങ്ങളുടെ പക്കലുള്ള പണവും സ്വർണവും ട്രാവലേഴ്‌സ് ചെക്കുകളും അടക്കം 60,000 റിയാലിൽ കൂടുതുലുള്ള പക്ഷം അതേ കുറിച്ച് മുൻകൂട്ടി കസ്റ്റംസിൽ വെളിപ്പെടുത്തൽ നിർബന്ധമാണ്.