Sorry, you need to enable JavaScript to visit this website.

മക്കളിൽ മൂന്നു പേർക്ക് ഡോക്ടറേറ്റ്; അഭിമാനത്തോടെ ഖദീജക്കുട്ടി

ഡോക്ടറേറ്റ് നേടിയ നജ്മുദ്ദീൻ, സിറാജുദ്ദീൻ, ശിഹാബുദ്ദീൻ എന്നിവർ മാതാവ് ഖദീജക്കുട്ടിക്കൊപ്പം.

കൽപറ്റ- മക്കളിൽ മൂന്നു പേർ ഡോക്ടറേറ്റ് നേടിയതിന്റെ അഭിമാനത്തിൽ ഒരു മാതാവ്. പൊഴുതനയിൽ തോട്ടം തൊഴിലാളിയായിരുന്ന ഖദീജക്കുട്ടിയുടെ മക്കളിൽ മൂന്നു പേരാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 1985 ൽ ഭർത്താവ് മുഹമ്മദ് മുസ്‌ല്യാർ മരിച്ചപ്പോൾ ഒന്നിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള ആറു മക്കളുടെ ഉമ്മയായിരുന്നു ഖദീജക്കുട്ടി.  ജീവിതഭാരം തോളിലേറ്റിയ അവർ കഷ്ടപ്പാടുകൾക്കിടയിലും മക്കൾക്കു വിദ്യാഭ്യാസം നൽകി. അതു വെറുതെയായില്ലെന്ന ചാരിതാർഥ്യം ഖദീജക്കുട്ടിയുടെ കണ്ണുകളിൽ നിറയ്ക്കുകയാണ് സന്തോഷാശ്രു.
മക്കളിൽ നജ്മുദ്ദീൻ, ഷിഹാബുദ്ദീൻ, സിറാജുദ്ദീൻ എന്നിവരാണ് ഡോക്ടറേറ്റ് നേടിയത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റ് സ്വന്തമാക്കിയ നജ്മുദ്ദീൻ നിലവിൽ മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അറബിക് വിഭാഗം മേധാവിയാണ്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസസിലാണ് ഷിഹാബുദ്ദീനു ഡോക്ടറേറ്റ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ സിറാജുദ്ദീൻ തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 
മാതാവിന്റെ ത്യാഗവും നിശ്ചയദാർഢ്യവുമാണ് വിദ്യാഭ്യാസ വഴിയിൽ കരുത്തും തണലുമായതെന്നു മൂന്നു മക്കളും പറയുന്നു.
തോട്ടം തൊഴിലാളി മേഖലയിലേതടക്കം മറ്റു അമ്മമാർക്കു മാതൃകയായി മാറിയ ഖദീജക്കുട്ടിയെ കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അനുമോദിച്ചിരുന്നു.  

Latest News