Sorry, you need to enable JavaScript to visit this website.

കാപ്പൻ കാവിയിലേക്കു തന്നെയെന്ന്; നിഷേധം സുധാകരന്റെ കണ്ണുരുട്ടലിൽ; ലക്ഷ്യം കേസുകളിൽ നിന്നുള്ള മോചനം


കോട്ടയം- മുംബൈയിലുള്ള ചെക്കു കേസടക്കം നിരവധി കേസുകളിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ട് മാണി സി.കാപ്പൻ ബി.ജെ.പിയിലേക്കു തന്നെയെന്ന് സൂചന. നിഷേധം കെ.സുധാകരന്റെ കണ്ണുരുട്ടലിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എൻ.സി.പി വിട്ട കാപ്പൻ നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) എന്ന പാർട്ടി രൂപീകരിക്കുകയും പാലായിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജോസ് കെ.മാണിക്കെതിരെ വിജയം നേടുകയും ചെയ്തു. 
എന്നാൽ, യു.ഡി.എഫിൽ എത്തിയെങ്കിലും കാപ്പൻ തൃപ്തനായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു കാപ്പൻ പക്ഷം. പക്ഷേ ഇടതു മുന്നണി വീണ്ടും വന്നതോടെ കാപ്പന്റെ മനക്കോട്ട തകർന്നു. പലയിടത്തുമുളള കോടതി കേസുകളും നിയമ യുദ്ധങ്ങളും കാപ്പനെ വെട്ടിലാക്കി. മുംബൈ കോടതിയിലുള്ള ചെക്ക് കേസ് വിധിയോട് അടുക്കുകയാണ്. 
കോടതിയിൽ നിന്നു തിരിച്ചടി നേരിട്ടാൽ എം.എൽ.എ പദം തന്നെ അപകടത്തിലാവും. അത്തരത്തിലുളള അപകട സാധ്യത മുൻകൂട്ടി കണ്ടാണ് കാപ്പൻ രാഷ്ട്രീയ സമീപനം രൂപപ്പെടുത്തുന്നതെന്നാണ് അറിയുന്നത്. ബി.ജെ.പി നേതൃത്വവുമായുളള ചർച്ചയിൽ ഇതും കടന്നു വന്നേക്കാനിടയുണ്ടെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയിൽ എൻ.ഡി.എ അധികാരത്തിലെത്തിയതോടെയാണ് ബി.ജെ.പിയുമായി ചർച്ചയ്ക്കു മുതിർന്നത്. 
ക്രൈസ്തവ വിഭാഗത്തിലുള്ള നേതാവ് എന്നതാണ് ബി.ജെ.പിക്കു കാപ്പനോടുള്ള താൽപര്യത്തിനു കാരണം. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി പ്രതികരിച്ച പാലാ രൂപതയിൽ പെട്ടതാണ് കാപ്പൻ കുടുംബം. അതുകൊണ്ടാണ് ബി.ജെ.പി പ്രവേശനം തള്ളിക്കളഞ്ഞിട്ടും മാണി സി.കാപ്പന് രാഷ്ട്രീയ കേരളം ക്ലീൻ ചിറ്റ് നൽകാത്തത്. യു.ഡി.എഫ് സമ്മർദത്തിനു വഴങ്ങി ഇത്തരത്തിൽ വാർത്താ സമ്മേളനം നടത്തിയതാണെന്നും ബി.ജെ.പിയുമായി ധാരണയുണ്ടെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ബി.ജെ.പിയിലേയ്ക്ക് പോകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും രാഷ്ട്രീയമല്ലേ കാലം മാറി വരുമെന്നായിരുന്നു മാണി സി.കാപ്പന്റെ മറുപടി. ഇതാണ് ബി.ജെ.പി ചങ്ങാത്ത വാർത്തകളിലേക്കു നയിച്ചത്. ഈ പ്രസ്താവന വന്ന് വാർത്തകളിൽ കാപ്പൻ നിറഞ്ഞിട്ടും നിഷേധിച്ചിട്ടില്ല. എന്നാൽ വെള്ളിയാഴ്ച തിടുക്കത്തിൽ പാലായിലെ വസതിയിൽ തന്നെ വാർത്താ സമ്മേളനം വിളിച്ചു ചേർക്കുകയായിരുന്നു. 
താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മാണി സി.കാപ്പൻ പറഞ്ഞ് തന്റെ നിലപാടും നയവും വിശദീകരിച്ചു. എന്നാൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നത് കാപ്പൻ ശരിവെച്ചു. എന്നാൽ അതിൽ രാഷ്ട്രീയമില്ലെന്നും മാണി സി.കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. 
എന്നാൽ, കെ.സുധാകരനുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കടുത്ത നിലപാട് എടുത്തതോടെയാണ് കാപ്പൻ നിലപാട് വിശദീകരിച്ചതത്രെ. കാപ്പൻ നേരിട്ട് വിശദീകരണം നടത്തണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്.  യു.ഡി.എഫിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയിയാരുന്നു കാപ്പന്.
കാപ്പനുമായുള്ള കൂടിക്കാഴ്ചക്ക് ഒപ്പമുണ്ടായിരുന്നത് ബി.ജെ.പി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരിയാണ്. നേരത്തെ പാലായിലെ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു ഹരി. മാണി സി.കാപ്പൻ തനിക്ക് വളരെ അടുത്ത് അറിയാവുന്ന ആളാണ്. മോഡിയെയും സർക്കാരിനെയും അംഗീകരിച്ച് കൊണ്ട് ആരു വന്നാലും ബി.ജെ.പി സ്വീകരിക്കും. ഇതാണ് എൻ.ഡി.എയുടെയും ബി.ജെ.പിയുടെയും നിലപാട്. ബി.ജെ.പി നേതാക്കൾ പാലായിൽ എത്തിയപ്പോൾ കാപ്പനെ കണ്ടിരുന്നുവെന്ന് എൻ.ഹരി പറഞ്ഞു.

Latest News