പേരാമ്പ്ര- പന്തിരിക്കരയില്‍ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി സൂചന. എന്നാല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. തടങ്കലില്‍ കഴിയുന്ന ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഫോണിലെത്തിയ വാട്‌സാപ്പ് സന്ദേശം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുവഴിയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സംഘത്തലവനെ കുറിച്ചും സൂചന ലഭിച്ചതായി അറിയുന്നു. ഇയാള്‍ വിദേശത്താണെന്നും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയേയും ചോദ്യം ചെയ്തതായി അറിയുന്നു. പോലീസ് അന്വേഷണം ശക്തമാക്കിയപ്പോഴും കുടുംബത്തിനെതിരെ ഭീഷണി തുടരുന്നതായി പരാതിയുണ്ട്.
മെയ് 3ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഇര്‍ഷാദ് 23 ന് ജോലിക്കായി കോഴിക്കോട് പോയിരുന്നു. അതിന് ശേഷമാണ് വീട്ടിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇര്‍ഷാദ് നാട്ടിലെത്തിയപ്പോള്‍ കൊണ്ടുവന്ന സ്വര്‍ണം തിരിച്ചു തന്നില്ലെങ്കില്‍ മകനെ കാണില്ലെന്നാണ് അറിയിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ സ്വര്‍ണം എടുത്തില്ലെന്നും ഒന്നിച്ചുള്ളവര്‍ ചതിച്ചെന്നുമാണ് ഇര്‍ഷാദ് പറഞ്ഞത്. ഈ മാസം എട്ടിനാണ് ഇര്‍ഷാദ് കസ്റ്റഡിയിലാണെന്ന് പറഞ്ഞ് നാസര്‍ എന്ന് പേര് പറഞ്ഞ ആള്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. ഇര്‍ഷാദിനെ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ അയച്ചത് ഇയാളാണെന്നും വീട്ടുകാര്‍ പറയുന്നു.
ശനിയാഴ്ച പോലീസ് പരിശോധനക്കെത്തിയപ്പോള്‍ ഗ്യാസ് സിലണ്ടറുകള്‍ തുറന്നുവിട്ടും കത്തി കാട്ടിയും ഭീഷണിപ്പെടുത്തി ബഹളത്തിനിടയില്‍ രക്ഷപ്പെട്ട മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ രാത്രി പെരുവണ്ണാമുഴി സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇയാളില്‍നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.