തൃശൂർ- ചാവക്കാട്ട് യുവാവിന്റെ മരണം മങ്കിപോക്‌സ് മൂലമാണെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയാണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹം യു.എ.ഇയിൽനിന്ന് എത്തിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. അതേസമയം,
കേരളത്തിൽ കണ്ടെത്തിയ മങ്കിപോക്‌സ് തീവ്രവ്യാപന ശേഷിയില്ലെന്ന് പരിശോധന ഫലം. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി.
ആദ്യ കേസായതിനാൽ എൻ.ഐ.വിയുടെ നിർദേശ പ്രകാരം 72 മണിക്കൂർ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകൾ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകൾ പൂർണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ടിന് യു.എ.ഇയിൽ നിന്നും വന്ന യുവാവിന് പതിനാലിനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവിൽ മങ്കിപോക്സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണ്.