ഉദുമ- പുഴു നിറഞ്ഞ അൽഫാം വിളമ്പിയത് ചോദ്യം ചെയ്ത യുവാവിനെ ഹോട്ടൽ ജീവനക്കാരടക്കമുള്ളവർ ചേർന്ന് മർദിച്ചതായി പരാതി. കരുവാക്കോട് നിർമൽ ഭവനിലെ ജിഷ്ണു (21) വിന്റെ പരാതിയിൽ പാലക്കുന്ന് ക്വാളിറ്റി ഹോട്ടലിലെ ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു.
റാഷിദ്, സെയ്ദ്, അഹദ്, മുസ്തഫ, കണ്ടാലറിയാവുന്ന ഹോട്ടൽ ജീവനക്കാരൻ എന്നിവർക്കെതിരെയാണ് കേസ്. വ്യാഴാഴ്ച രാത്രി 10 മണിക്ക് ജിഷ്ണുവും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ നൽകിയ അൽഫാമിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ജിഷ്ണു ജില്ലാശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് ഉദുമ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ ഹോട്ടലിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണം വിളമ്പിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.